അഞ്ചരക്കണ്ടി: വർഷങ്ങളായി അധികാരതർക്കം നിലനിൽക്കുന്ന വേങ്ങാട് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയിലേക്ക് മൂന്നു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്താൻ വഖഫ് ബോർഡ് ഉത്തരവിട്ടു. വേങ്ങാട് മഹല്ല് ഓർഗനൈസേഷെൻറ പിന്തുണയോടെ പി. മുഹമ്മദ് ഫായിസ് 2017 മാർച്ച് 29ന് ഹൈകോടതി മുമ്പാകെ ഫയൽ ചെയ്ത ഹരജിയിൽ നാലു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്താൻ ഉത്തരവായിരുന്നതാണ്. ഈ സമയം സമസ്ത കണ്ണൂർ ജില്ല നേതൃത്വം മധ്യസ്ഥചർച്ച നടത്തിയിരുന്നു. എന്നാൽ, നിയമപോരാട്ടത്തിൽനിന്ന് ആരുംതന്നെ പിന്മാറാത്ത സാഹചര്യത്തിൽ സമസ്ത നേതൃത്വം ചർച്ചകളിൽനിന്ന് പിന്മാറി. തുടർന്ന് ഹൈകോടതി മുമ്പാകെ വഖഫ് ബോർഡിനെ പ്രതിസ്ഥാനത്ത് നിർത്തി കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്തു. ഇതിെൻറ തുടർച്ചയെന്നോണം തെരഞ്ഞെടുപ്പ് നടത്തുന്നതിന് റിട്ടേണിങ് ഓഫിസറായി അഡ്വ. എ. അബ്ദുൽ അസീസ് എന്നവരെ ചുമതലപ്പെടുത്തി. വഖഫ് ബോർഡിെൻറ നിയമാവലിപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ച് മൂന്നു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രാഥമിക ചെലവുകൾക്കായി 10,000 രൂപയും അനുവദിച്ചിട്ടുണ്ട്. നേരത്തേ സുന്നികളുടെ പ്രഖ്യാപിതനിലപാടിന് വിരുദ്ധമായി മഹല്ലിലെ മൂന്നു വനിതകൾ വോട്ടവകാശത്തിനായി ഹൈകോടതിയിലെത്തിയിരുന്നു. എന്നാൽ, ഹരജി കോടതി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.