കുരുന്നുകളിൽ ആഹ്ലാദമായി പ്രവേശനോത്സവം

കണ്ണൂർ: ആടിയും പാടിയും ഉല്ലസിച്ചും ആദ്യക്ഷരം കുറിക്കാനെത്തിയ കുരുന്നുകളുടെ വിദ്യാലയ പ്രവേശനോത്സവം ജില്ലയില്‍ വർണാഭമായി. തളാപ്പ് മിക്സഡ് ഗവ. യു.പി സ്കൂളിൽ പ്രവേശനോത്സവം ഉത്സവാന്തരീക്ഷത്തിൽ നടന്നു. തളാപ്പ് സ്കൂളിൽ ഇക്കുറിയും ഒന്നാം ക്ലാസ് പ്രവേശനത്തിൽ റെക്കോഡ് നേട്ടം കൈവരിക്കാനായി. 177 കുട്ടികളാണ് ഇത്തവണ ഒന്നാംക്ലാസിലെത്തിയത്. അഞ്ച് ഡിവിഷനുകളിലായാണ് 177 കുട്ടികൾക്ക് പ്രവേശനം അനുവദിച്ചത്. സ്കൂൾ കോമ്പൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദിക്കരികിൽ നിറഞ്ഞ സദസ്സിനെ സാക്ഷ്യമാക്കി നടന്ന പ്രവേശനോത്സവത്തിൽ മുൻവരികളിൽ ഇരുന്ന ഒന്നാംക്ലാസുകാരുടെ കലങ്ങിയ കണ്ണ് സമ്മാനപ്പൊതി ലഭിച്ചതോടെ സന്തോഷത്തിന് വഴിമാറി. ഉദ്ഘാടന ചടങ്ങിനുശേഷം തങ്ങളുടെ ക്ലാസ് മുറികളിലേക്ക് അച്ഛനമ്മമാരോടൊപ്പം നടന്നുനീങ്ങിയ കുട്ടികളുടെ കണ്ണുകള്‍ സ്മാർട്ട് ക്ലാസ് മുറികളിലെ ചുവരുകളില്‍ തീർത്ത ജിറാഫി​െൻറയും ആനയുടെയും കുതിരയുടെയും മാനി​െൻറയും പക്ഷികളുടെയും പൂമ്പാറ്റകളുടെയും ചിത്രങ്ങളില്‍ ഉടക്കിനിന്നു. കരഞ്ഞുകൊണ്ടെത്തിയ കൊച്ചുകുട്ടികള്‍ സ്‌കൂളുകളിലെ മനോഹരമായ കാഴ്ചകളില്‍ അലിഞ്ഞുചേര്‍ന്നു. നവാഗതര്‍ക്ക് പഠനോപകരണങ്ങൾ സമ്മാനമായി നല്‍കി. പായസ വിതരണവും നടന്നു. മേയർ ഇ.പി. ലത പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കൗൺസിലർ അമൃത രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ കെ.വി. സുരേന്ദ്രൻ, ബി.പി.ഒ എം.പി. ശശികുമാർ, മാധവറാവു സിന്ധ്യ ട്രസ്റ്റ് ഭാരവാഹികളായ കെ. പ്രമോദ്, കെ. പ്രവീൺ, എം.പി. രാജേഷ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ സി. ശശീന്ദ്രൻ സ്വാഗതവും ഷാലറ്റ് മാർട്ടൻ െഫർണാണ്ടസ് നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ എൽ.എസ്.എസ് വിജയികൾക്കും സംസ്കൃതം സ്കോളർഷിപ് ജേതാക്കൾക്കുമുള്ള ഉപഹാരങ്ങളും സമ്മാനിച്ചു. സ്കൂളിലെ മികച്ച കുട്ടികൾക്ക് എം.വി. ചന്ദ്രൻ സ്മാരക പുരസ്കാരവും മാധവറാവു സിന്ധ്യ ട്രസ്റ്റ് നൽകിയ പ്രത്യേക പുരസ്കാരവും സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.