സഞ്ചാരികളേ വരൂ; അളകാപുരി ഒരുങ്ങി

ശ്രീകണ്ഠപുരം: സഞ്ചാരികളെ വരവേറ്റ് കാഞ്ഞിരക്കൊല്ലി അളകാപുരി വെള്ളച്ചാട്ടമൊരുങ്ങി. നിർമാണ പ്രവൃത്തികൾക്കായി അടച്ചിട്ട വെള്ളച്ചാട്ടം വെള്ളിയാഴ്ച മുതൽ സഞ്ചാരികൾക്ക് തുറന്നുകൊടുത്തതായി ഡി.എഫ്.ഒ അറിയിച്ചു. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കാഞ്ഞിരക്കൊല്ലി. കാഴ്ചയുടെ നവ്യാനുഭവമൊരുക്കി ചിതറിത്തെറിക്കുന്ന അളകാപുരി, ആനതെറ്റി വെള്ളച്ചാട്ടങ്ങളും ശശിപ്പാറയും കന്മദപ്പാറയും കാഞ്ഞിരക്കൊല്ലിക്ക് സ്വന്തമാണ്. അത്യപൂർവ ഔഷധസസ്യങ്ങളും നിരവധി വന്യജീവികളും ഇവിടെയുണ്ട്. കോടമഞ്ഞും തണുപ്പും കാടും കൈകോർക്കുന്ന കാഞ്ഞിരക്കൊല്ലിയിൽ ജില്ലയിലും പുറത്തുനിന്നുമായി ഒട്ടേറെ സഞ്ചാരികളെത്താറുണ്ട്. 30 രൂപയാണ് പ്രവേശന ഫീസ്. വെള്ളച്ചാട്ടത്തിന് സമീപം സുരക്ഷാവേലിയും വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങാനായി നടപ്പാതയും പടവുകളും കെട്ടിയിട്ടുണ്ട്. സ്ത്രീകൾക്ക് വസ്ത്രം മാറുന്നതിനുള്ള സൗകര്യവും അളകാപുരിക്ക് സമീപം ഒരുക്കുന്നുണ്ട്. കാഞ്ഞിരക്കൊല്ലിയിലെത്തുന്ന സഞ്ചാരികൾക്ക് വനംവകുപ്പ് ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. സഞ്ചാരികൾക്ക് വഴികാട്ടാൻ വാച്ചർമാരെയും നിയമിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മുക്ത പദ്ധതികളും പ്രദേശത്ത് നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇക്കോ ടൂറിസം പദ്ധതികളും കുതിരസവാരിയും ഉൾപ്പെടെ വരുന്നതോടെ കാഞ്ഞിരക്കൊല്ലി സഞ്ചാരികളുടെ പറുദീസയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.