മാഹി: അഴിയൂര്‍ ഗ്രാമപഞ്ചായത്ത് കൊതുക് നിര്‍മാർജനത്തിന് സമഗ്രപദ്ധതി ആവിഷ്കരിച്ചു. കൊതുക് നിർമാര്‍ജനവും പരിസരശുചീകരണവും ഊർജിതമാക്കാൻ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വീടുകളും പരിസരവും പരിശോധിക്കാൻ ജനപ്രതിനിധികൾ, രാഷ്ട്രീയപാര്‍ട്ടി നേതാക്കൾ, ആരോഗ്യപ്രവര്‍ത്തകർ, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരുടെ യോഗം തീരുമാനിച്ചു. അഴിയൂരിലെ വെള്ളച്ചാല്‍ പ്രദേശത്ത് ജപ്പാന്‍ജ്വരം ബാധിച്ചു വീട്ടമ്മ മരിച്ച സാഹചര്യത്തിലാണ് പ്രതിരോധപ്രവര്‍ത്തനങ്ങളും മറ്റു നടപടികളും ശക്തമാക്കാൻ തീരുമാനിച്ചത്. യുദ്ധകാലാടിസ്ഥാനത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കാനും അജൈവമാലിന്യം സംസ്കരണകേന്ദ്രങ്ങളിലേക്ക് കയറ്റിയയക്കാനും തീരുമാനിച്ചു. വാര്‍ഡ്തലത്തില്‍ ആരോഗ്യ സംരക്ഷണത്തിനായി ഓരോ വാര്‍ഡിനും 10,000 രൂപവീതം സഹായധനം നല്‍കും. ദേശീയപാതയിലടക്കം രാത്രികാലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ രാത്രികാല പട്രോളിങ് കർശനമാക്കുമെന്ന് ചോമ്പാല്‍ എസ്.ഐ പി.കെ. ജിതേഷ് അറിയിച്ചു. ജപ്പാന്‍ ജ്വരം കണ്ടെത്തിയ പ്രദേശങ്ങളില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി അഴിയൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. അബ്ദുല്‍നസീര്‍ പറഞ്ഞു. ദേശീയപാതയിലെയും പഞ്ചായത്ത് റോഡുകളിലെയും ഓടകള്‍ കൊതുകുവളര്‍ത്തുകേന്ദ്രങ്ങളായി മാറുന്നതായി ആക്ഷേപമുയന്നു. ഇത് ശുചീകരിക്കാനുള്ള നടപടിയെടുക്കണമെന്ന് യോഗത്തില്‍ ആവശ്യവുമുയര്‍ന്നു. എല്ലാ വാര്‍ഡുകളിലും ഫോഗിങ്ങും ബോധവത്കരണ പരിപാടിയും നടത്താനും ധാരണയായി. പഞ്ചായത്തിലെ മുഴുവന്‍ വകുപ്പുകളെയും ഏകോപിപ്പിച്ച് പകര്‍ച്ചവ്യാധികള്‍ തടയാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവും യോഗം അംഗീകരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയ്യൂബ് അധ്യക്ഷത വഹിച്ചു. റീന രയരോത്ത്, ഉഷ ചാത്തങ്കണ്ടി, പി.എം. അശോകൻ, എം.പി. ബാബു, പ്രദീപ് ചോമ്പാല, കെ. അന്‍വര്‍ ഹാജി, സാലിം പുനത്തിൽ, വി.പി. ജയൻ, കെ.സി. പ്രമോദ്, സെക്രട്ടറി ടി. ഷാഹുൽ ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.