പഴയങ്ങാടി: മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്.കെ. ആബിദയോട് പ്രസിഡൻറ് സ്ഥാനം ഉടൻ രാജിവെക്കാൻ മാടായി പഞ്ചായത്ത് മുസ്ലിം ലീഗ് നിർദേശിച്ചു. ഇതുസംബന്ധിച്ച് മാടായി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡൻറും സെക്രട്ടറിയും ആബിദക്ക് നേരിട്ട് കത്ത് നൽകിയതായാണ് വിവരം. മുൻ ധാരണപ്രകാരം അവശേഷിക്കുന്ന രണ്ടരവർഷം പുതിയങ്ങാടിയിലെ എ. സുഹറാബിക്ക് പ്രസിഡൻറ് സ്ഥാനം നൽകാൻ വേണ്ടിയാണ് ആബിദയുടെ രാജി ആവശ്യപ്പെട്ടത്. സമവായ ഫോർമുല അട്ടിമറിക്കാൻ ചില കേന്ദ്രങ്ങൾ ചരടുവലി നടത്തി ആബിദയുടെ രാജി നീട്ടിക്കൊണ്ടുപോകുന്നതായും പാർട്ടിക്ക് വിധേയമല്ലാത്തരീതിയിൽ പ്രസിഡൻറ് പ്രവർത്തിക്കുന്നതുമായുള്ള ആക്ഷേപങ്ങളെ തുടർന്നാണ് ലീഗ് പഞ്ചായത്ത് കമ്മിറ്റി നേരിട്ട് ഇടപെട്ടത്. പ്രസിഡൻറ് സ്ഥാനത്തിനായി വടംവലി മുറുകിയപ്പോൾ ആദ്യത്തെ രണ്ടരവർഷം മുട്ടത്തെ എസ്.കെ. ആബിദക്കും പിന്നീട് രണ്ടരവർഷം പുതിയങ്ങാടിയിലെ എ. സുഹറാബിക്കും പ്രസിഡൻറ് സ്ഥാനം എന്നായിരുന്നു ധാരണ. ധാരണയനുസരിച്ച് േമയ് ഒമ്പതിന് കാലാവധി അവസാനിച്ചിട്ടും ആബിദ രാജിവെച്ചില്ല. ഈ സാഹചര്യത്തിലാണ് പാർട്ടി നേതൃത്വം ആബിദക്ക് കത്ത് നൽകിയത്. നേരത്തേ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചയാളാണ് എ. സുഹറാബി. ഇത്തവണ മത്സരിക്കാൻ ഏറെ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ, പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം വനിതാ സംവരണമായതോടെ പ്രസിഡൻറ് സ്ഥാനാർഥിയെന്ന നിലക്കാണ് പുതിയങ്ങാടിയിലെ പ്രാദേശിക മുസ്ലിം ലീഗ് നേതൃത്വം ഇവരെ മത്സരത്തിനിറക്കിയത്. അധ്യാപികയും പഞ്ചായത്തംഗവുമായ എസ്.കെ. ആബിദയെ പ്രസിഡൻറ് സ്ഥാനം ലക്ഷ്യമിട്ട് മുട്ടത്തെ പ്രാദേശിക ലീഗ് നേതൃത്വവും മത്സരിപ്പിച്ചു. ഇരുവരും ജയിച്ചുകയറിയതോടെ പ്രസിഡൻറ് സ്ഥാനത്തിനുവേണ്ടി മുട്ടവും പുതിയങ്ങാടിയും വടംവലിയായി. തുടർന്നാണ് രണ്ടരവർഷം വീതം സ്ഥാനം പങ്കിടാൻ സമവായ ഫോർമുല ഉണ്ടാക്കി പാർട്ടി തടിയൂരിയത്. മുട്ടം സ്വദേശിയായിരുന്ന സി.കെ. മുഹമ്മദ് കുഞ്ഞി പ്രസിഡൻറായിരുന്ന കാലഘട്ടം ഒഴിച്ചുനിർത്തിയാൽ മാടായി പഞ്ചായത്തിെൻറ പ്രസിഡൻറുമാരിൽ അധികവും പുതിയങ്ങാടി മേഖലയിൽനിന്നാണ്. കഴിഞ്ഞ ഭരണസമിതിയിൽ പ്രസിഡൻറ് സ്ഥാനം എസ്.സി-എസ്.ടി വനിതാ സംവരണം ആയതിനെ തുടർന്ന് മുൻ ജില്ല വിദ്യാഭ്യാസ ഓഫിസർ രാജമ്മ തച്ചനെ മുസ്ലിം ലീഗ് മത്സരിപ്പിച്ച് വിജയിപ്പിച്ച് പ്രസിഡൻറാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.