മംഗളൂരു: എൻ.ആർ.പുര ബളെ ഗ്രാമപഞ്ചായത്തിൽ ഹിവുഗൊള്ള പട്ടികവർഗ കോളനിയിൽ രണ്ടു വർഷത്തിനിടെ 29 'ദുർമരണങ്ങൾ' നടന്നതായി വെളിപ്പെടുത്തൽ. മരണം ഭയന്ന് പലായനം ചെയ്ത കുടുംബങ്ങളിൽപെട്ട ഗണേശാണ് (30) ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാര്യ ലളിത, മക്കളായ ഗീതാഞ്ജലി, രൂപ, മഞ്ചുനാഥ എന്നിവർക്കൊപ്പം കുന്താപുരം കൊട്ടേശ്വരത്ത് പുറമ്പോക്കിൽ ടെൻറ് കെട്ടി താമസിക്കുകയാണിയാൾ. വനഭൂമിയിൽ 15 വർഷമായി അറുപതോളം കുടുംബങ്ങൾ താമസിക്കുന്നു. വിവിധ കുടുംബങ്ങളിലെ 40നും 50നും ഇടയിൽ പ്രായക്കാരായ 22 പേരും 25നും 28നും ഇടയിൽ വയസ്സുള്ള ഏഴു പേരുമാണ് രണ്ടു വർഷത്തിനിടെ മരിച്ചത്. ഈ മാസം അടുത്തടുത്ത ദിവസങ്ങളിലായി രണ്ടു യുവാക്കൾ ചോര ഛർദിച്ച് മരിച്ചു. കോളനിയിൽ ഭൂമി പതിച്ചുകിട്ടാനുള്ള ശ്രമങ്ങൾ നാലു വർഷം മുമ്പ് ആരംഭിച്ചിരുന്നു. ഇത് പുരോഗമിക്കുന്നതിനിടെയാണ് പൊടുന്നനെ തുടരത്തുടരെ മരണം സംഭവിക്കുന്നത്. കുലദേവതയായ ചൗദേശ്വരി ദേവീവിഗ്രഹം പ്രതിഷ്ഠിക്കാൻ ക്ഷേത്രനിർമാണത്തിന് സർക്കാർ രണ്ടരവർഷം മുമ്പ് ഫണ്ട് അനുവദിച്ചിരുന്നു. ഇതുപയോഗിച്ച് ക്ഷേത്രം പണിതു. എന്നാൽ, ദേവിയെ പ്രതിഷ്ഠിക്കാൻ നാലു ലക്ഷം രൂപ ചെലവ് വരുമെന്ന് ജ്യോത്സ്യൻ പറഞ്ഞതോടെ മുടങ്ങി. ദുർമരണങ്ങൾ സംഭവിക്കുമെന്ന ജ്യോത്സ്യെൻറ മുന്നറിയിപ്പ് ഭയന്ന് കാലികൾ ഉൾപ്പെടെ വളർത്തുമൃഗങ്ങളെയും തെളിച്ച് കോളനിവാസികൾ സ്ഥലം വിടുകയായിരുന്നു. കേരളം, ദക്ഷിണ കന്നട, ബിജ്ജിവള്ളി, കോപ്പ ഭാഗങ്ങളിലായി കുടുംബങ്ങൾ ചിതറിത്താമസിക്കുകയാണെന്ന് ഗണേശ് പറഞ്ഞു. സംഭവത്തിനുപിന്നിൽ ഭൂമാഫിയയുടെ കൈയുണ്ടോ എന്ന് അധികൃതർ അന്വേഷിക്കണമെന്നാണ് ഇയാളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.