supli തോരാമഴയിൽ​ കർക്കടകം

സ്വന്തം ലേഖകൻ ................................. മട്ടന്നൂർ സുരേന്ദ്രൻ പഞ്ഞമാസങ്ങളെന്നു പറയുന്ന (പറയപ്പെട്ടിരുന്ന) മിഥുനം- കര്‍ക്കടകത്തിലാണ് ദുരിതങ്ങള്‍ പെയ്തിറങ്ങിയിരുന്നത്. പട്ടിണിയും പ്രകൃതിദുരന്തങ്ങളുമൊക്കെ കർക്കടകത്തി​െൻറ പേടിപ്പിക്കുന്ന മുഖഭാവങ്ങളാണ്. പ്രായാധിക്യമുള്ളവര്‍ രോഗാതുരരാകുന്നതും മരിക്കുന്നതും പലപ്പോഴും ഈ മാസങ്ങളിൽ. അതിനാല്‍ ദൗര്‍ഭാഗ്യങ്ങള്‍ ലഘൂകരിക്കാന്‍ അധ്യാത്മിക കാര്യങ്ങള്‍ ചൊല്ലണമെന്നാണ് വിശ്വാസം. പാണനും പാട്ടിയും വെളുപ്പാന്‍കാലത്ത് വീടുകളിൽ ചെന്ന് തുയിലുണര്‍ത്തു പാട്ട് പാടുന്ന പതിവുമുണ്ടായിരുന്നു. വര്‍ഷകാലത്തോടെ വായുവും വെള്ളവും ഭൂമിയും മലിനമാകുന്നു. പിന്നെ ഭൂമി തണുക്കുമ്പോള്‍ ജീവജാലങ്ങള്‍ക്ക് ഉന്മേഷം പകരുന്ന സമയമാണ് കര്‍ക്കടകം. ഭാരതത്തി​െൻറ തനതെന്ന് അവകാശപ്പെടാന്‍ കഴിയുന്ന 'ആയുര്‍വേദം' ആയുസ്സി​െൻറ വേദമാണ്. മനസ്സും ശരീരവും ഒന്നായിക്കാണണമെന്ന ദര്‍ശനവും ഈ ശാസ്ത്രശാഖയുടെ സംഭാവനയാണ്. ക്ഷീണാവസ്ഥയിലുള്ള ശരീരധാതുക്കളെ ഊര്‍ജം നല്‍കി പൂർവാവസ്ഥയിലെത്തിക്കണമെന്ന് 'അഷ്ടാംഗഹൃദയ'ത്തിലുണ്ട്. അതോടൊപ്പം ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസ്സ് കുടികൊള്ളുകയുള്ളൂവെന്നും ഈ ഗ്രന്ഥം വ്യക്തമാക്കുന്നു. പ്രകൃതി പകര്‍ന്നുതരുന്ന ഔഷധക്കൂട്ടുകളുപയോഗിച്ച് തയാറാക്കുന്ന കര്‍ക്കടക ഔഷധസേവകള്‍ നവ്യമായ ഉന്മേഷം പ്രദാനംചെയ്യാൻ പര്യാപ്തമാണ്. കര്‍ക്കടക കഞ്ഞിയായാലും കര്‍ക്കടകപ്പുഴുക്കായാലും നിഷ്ഠയോടെ, പൂർണമായ വിശ്രമത്തി​െൻറ പരിവേഷത്തോടെ ഉപയോഗിക്കണമെന്ന് ആയുർവേദം അനുശാസിക്കുന്നു. കഴിഞ്ഞുപോയ ആ നല്ല കാലഘട്ടത്തെ ഓർമച്ചെപ്പില്‍ സൂക്ഷിച്ച് ആരോഗ്യപൂർണമായ തലമുറകളെ സ്വപ്‌നം കാണുകയാണ് കര്‍ക്കടകദിനങ്ങളില്‍ ക്ഷീണിതരായ പഴയ തലമുറ. കര്‍ക്കടകത്തില്‍ മരുന്ന് സേവിച്ചാല്‍ കല്‍പാന്ത കാലം സുഖം എന്നതാണ് ആയുർവേദത്തി​െൻറ ശാന്തിമന്ത്രം. കര്‍ക്കടകം മഴക്കാലമാണ്. ശാരീരികദോഷങ്ങളെ കോപിപ്പിക്കുകയും അതുമൂലം ആരോഗ്യത്തെ നശിപ്പിക്കുന്നതുമായ മറ്റൊരു കാലം വേറെയില്ല. അതുകൊണ്ടാണ് ആയുർവേദ ചികിത്സക്കായി കര്‍ക്കടകമാസം പൊതുവെ തെരഞ്ഞെടുക്കുന്നത്. കര്‍ക്കടകം പഞ്ഞമാസമെന്നപോലെ രോഗങ്ങളുടെയും അസ്വസ്ഥതകളുടെയും മാസമാണ്. കേരളത്തിലെ ഋതുക്കള്‍ പ്രധാനമായും മൂന്നാണ്. ചൂടുകാലം, തണുപ്പുകാലം, മഴക്കാലം. ഒരു ഋതുവില്‍നിന്ന് പൊടുന്നനെ മറ്റൊരു ഋതുവിലേക്ക് കടക്കുക എന്നതാണ് കേരളത്തില്‍ കണ്ടുവരുന്നത്. കൊടും വേനലില്‍ നിന്ന് പെട്ടെന്ന് മഴക്കാലത്തിലേക്ക് കടക്കുമ്പോള്‍ അതിനോട് പൊരുത്തപ്പെടാന്‍ ശരീരത്തിന് കഴിയാതെ വരും. അതുകൊണ്ട് വേനല്‍ കഴിഞ്ഞശേഷമുള്ള മൂന്നുമാസം ശരീരത്തി​െൻറ പ്രതിരോധശക്തി ക്ഷയിക്കുന്നു. രോഗങ്ങള്‍ ശരീരത്തെ ആക്രമിക്കുകയും ശക്തി കുറഞ്ഞ ശരീരം അതിന് അടിമപ്പെടുകയും ചെയ്യുന്നത് സ്വാഭാവികമാണ്. മഴക്കാലം തുടങ്ങുമ്പോള്‍ രോഗാണുക്കള്‍ പെരുകിത്തുടങ്ങുകയും ചെയ്യും. ഈയൊരു അവസ്ഥയിലാണ് സുഖചികിത്സ പ്രസക്തമാവുന്നത്. പച്ചമരുന്നുകൂട്ടുകളും ശരീരപുഷ്ടിക്കുള്ള ആഹാരരീതികളുമായാണ് മലയാളികളുടെ കര്‍ക്കടക മാസാചരണം. ആധ്യാത്മികമായ ആചാരാനുഷ്ഠാനങ്ങള്‍ ഏറെയുണ്ടെങ്കിലും ജാതിമതഭേദമന്യേ മലയാളികളെല്ലാം വിശ്വസിക്കുന്നത് കര്‍ക്കടകമാസത്തെ ചികിത്സയിലാണ്. ജീവിക്കുന്നതിനായി മനുഷ്യന്‍ പ്രകൃതിയോട് പോരാടിക്കൊണ്ടിരിക്കുകയാണ്. അവ​െൻറ താൽപര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കുമനുസരിച്ച് പ്രകൃതിയെ നിയന്ത്രിക്കാനാണ് മനുഷ്യ​െൻറ ശ്രമം. എന്നാല്‍, ഇതിനൊക്കെ മുമ്പ് പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക എന്നതായിരുന്നു മനുഷ്യരുടെ രീതി. അതായത് പ്രകൃതിയുടെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് മനുഷ്യര്‍ തങ്ങളുടെ ജീവിതരീതികള്‍ ക്രമപ്പെടുത്തിയിരുന്നുവെന്ന് അർഥം. ഈ രീതിയില്‍നിന്നാണ് കര്‍ക്കടകമാസം ആരോഗ്യ പരിരക്ഷയുടെയും ചികിത്സയുടെയും മാസമായി മാറിയതെന്നു വിശ്വസിക്കപ്പെടുന്നു. കര്‍ക്കടകമാസത്തിലെ കാറൊഴിയാതെ ഉരുണ്ടുകൂടിയ ആകാശവും തോരാത്ത മഴയും മനുഷ്യ​െൻറ ദൈനംദിന ജീവിതത്തെയും ആരോഗ്യത്തെയും പലതരത്തിലും പ്രതികൂലമായി ബാധിച്ചിരുന്നു. മാത്രമല്ല ജലം, വായു, ജന്തു സസ്യാദികള്‍ എന്നിവയെല്ലാം കര്‍ക്കടകമാസത്തിലുണ്ടാകുന്ന മാറ്റങ്ങളും മനുഷ്യന് ത​െൻറ ജീവിതരീതിയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ പ്രേരകങ്ങളായിരിക്കണം. ഇതില്‍നിന്നായിരിക്കാം കര്‍ക്കടകം ചികിത്സയുടെ മാസമായി മാറിയത്. പുറമെയുള്ള തണുപ്പും ആരോഗ്യവും ഒഴിവാക്കാന്‍ പ്രത്യേക ആഹാര രീതികളും വിശ്രമവും കര്‍ക്കടക മാസത്തിലെ ഒരു ശീലമാക്കി. കഷായംവെച്ചു കുടിക്കുക, പച്ചമരുന്നുകള്‍ സേവിക്കുക, ഔഷധങ്ങളിട്ട് ഉണ്ടാക്കിയ തൈലം തേച്ചു കുളിക്കുക തുടങ്ങിയവയാണ് കര്‍ക്കടക മാസത്തില്‍ ചെയ്തിരുന്നത്. രോഗങ്ങളെ അകറ്റാനും മറ്റും ചെയ്തു ശീലിച്ച ഈ രീതികള്‍ പിന്നീട് ജീവിതരീതിയായി മാറി. അങ്ങനെ കര്‍ക്കടകമാസം ചികിത്സയുടെ മാസവുമായി. .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.