അപാകതയുള്ള എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ മാറ്റിയെടുക്കാൻ പരീക്ഷാഭവൻ കയറിയിറങ്ങണ്ട

കേളകം: അപാകതയുള്ള 2018 മാർച്ചിലെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ മാറ്റിയെടുക്കാൻ വിദ്യാർഥികളും രക്ഷിതാക്കളും ഇനി പരീക്ഷാഭവൻ കയറിയിറങ്ങണ്ട. പ്രിൻറ് തെളിയാത്തതോ സെക്രട്ടറിയുടെ ഒപ്പോ സീലോ ഇല്ലാത്തതുമായ സർട്ടിഫിക്കറ്റുകൾ സ്കൂൾ അധികൃതർ ശേഖരിച്ച് ബന്ധപ്പെട്ട ജില്ല വിദ്യാഭ്യാസ ഓഫിസുകളിലെത്തിച്ച് തുടർനടപടി സ്വീകരിക്കാൻ ജില്ല വിദ്യാഭ്യാസ ഓഫിസർമാർക്ക് പരീക്ഷാ കമീഷണറുടെ കാര്യാലയം നിർദേശം നൽകി. സ്കൂളുകളിൽനിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ അടുത്തദിവസംതന്നെ ജില്ല വിദ്യാഭ്യാസ ഓഫിസറുടെ പ്രത്യേക ദൂതൻവഴി പരീക്ഷാഭവനിലെത്തിക്കേണ്ടതും അവയുടെ പുതിയ പ്രിൻറുകൾ സ്വീകരിച്ച് അതത് സ്കൂളുകൾക്ക് വിതരണം ചെയ്യേണ്ടതുമാണ്. വിദ്യാർഥികളുടെ രക്ഷകർത്താക്കളോ ബന്ധുക്കളോ സ്കൂളധികൃതരോ സർട്ടിഫിക്കറ്റ് മാറ്റിയെടുക്കുന്നതിനായി പരീക്ഷാഭവനിലെത്തേണ്ട സാഹചര്യം ഉണ്ടാകാതിരിക്കാൻ ജില്ല വിദ്യാഭ്യാസ ഓഫിസർമാർ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. ലാമിനേറ്റ് ചെയ്ത 2018ലെ സർട്ടിഫിക്കറ്റുകൾ മാറ്റിയെടുക്കുന്നതിന് പ്രത്യേകം ഫീസ് ഈടാക്കേണ്ടതില്ലായെന്നും സർക്കുലർ വ്യക്തമാക്കുന്നു. തിരുത്തലുകൾക്കുവേണ്ടി വിദ്യാർഥികളും രക്ഷിതാക്കളും പരീക്ഷാഭവനിലേക്ക് എത്താൻ തുടങ്ങിയതോടെയാണ് ജില്ല വിദ്യാഭ്യാസ ഓഫിസർമാർക്ക് കമീഷണറുടെ കാര്യാലയം പുതിയ നിർദേശം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.