പയ്യന്നൂർ മണ്ഡലത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ആർദ്രം പദ്ധതിയിൽ

പയ്യന്നൂർ: പയ്യന്നൂർ മണ്ഡലത്തിലെ മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയതായി സി. കൃഷ്ണൻ എം.എൽ.എ അറിയിച്ചു. പുളിങ്ങോം, എരമം-കുറ്റൂർ, രാമന്തളി, എട്ടിക്കുളം എന്നിവയെയാണ് ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ഉയർത്തിയത്. മാത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തെ നേരത്തെതന്നെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയിരുന്നു. കുടുംബത്തെ അടിസ്ഥാനഘടകമാക്കി ആരോഗ്യസേവനങ്ങൾ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിലവിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത്. സേവനങ്ങളെ നിർണയിച്ചും സേവന ഗുണനിലവാരം മെച്ചപ്പെടുത്തിയും അവ ജനങ്ങൾക്ക് ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മാസ്റ്റർ പ്ലാനിനെ അടിസ്ഥാനമാക്കി ഘട്ടംഘട്ടമായി ഫണ്ടുകൾ അനുവദിച്ച് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ, ആശുപത്രിയുടെ സൗന്ദര്യവത്കരണം, ശാസ്ത്രീയമായ മാലിന്യ നിർമാർജനം, ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽ തുടങ്ങിയ പുതിയ തസ്തികകൾ സൃഷ്ടിച്ച് സേവനം ശക്തിപ്പെടുത്തൽ, ഒ.പി സംവിധാനം കാര്യക്ഷമമാക്കൽ, എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ 1.30 വരെയും 1.30 മുതൽ ആറുവരെയും ഞായറാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ 1.30 വരെയും ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തുക എന്നിവയും ആർദ്രം പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.