പെട്രോളിയം സംഭരണകേന്ദ്രം: സ്​പെഷൽ തഹസിൽദാർ ഓഫിസ്​ മാർച്ച്​ നടത്തി

പയ്യന്നൂർ: നൂറ് ഏക്കർ തണ്ണീർത്തടവും നെൽവയലും നികത്തി കണ്ടങ്കാളിയിൽ പെട്രോളിയം സംഭരണശാല നിർമിക്കാനുള്ള നീക്കത്തിനെതിരെ പെട്രോളിയം പദ്ധതി വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ പയ്യന്നൂർ സ്പെഷൽ തഹസിൽദാർ ഓഫിസ് മാർച്ച് നടത്തി. കണ്ടങ്കാളി താലോത്തുവയലിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. എൻഡോസൾഫാൻ സമരനായിക മുനീസ അമ്പലത്തറ മാർച്ച് ഉദ്ഘാടനം ചെയ്തു. വായുവിലും വെള്ളത്തിലും വയലിലും എണ്ണയൊഴിക്കുന്നത് വികസനമല്ലെന്നും വിഷമഴ വർഷിച്ച ദുരന്തംതന്നെയാണ് ഭാവിയിൽ കണ്ടങ്കാളിയെ കാത്തിരിക്കുന്നതെന്നും അവർ പറഞ്ഞു. നല്ല വെള്ളവും നല്ല ഭക്ഷണവും നല്ല വായുവും വേണമെന്ന് പറയുന്നവരെ വികസനവിരോധികളായി കാണുന്നവർ ജനങ്ങളുടെ വികസനമല്ല ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു. സമരസമിതി ചെയർമാൻ ടി.പി. പത്മനാഭൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. താലോത്തുവയലിലെ കർഷകത്തൊഴിലാളി പി. പത്മിനി, നഗരസഭാംഗം പി.പി. ദാമോദരൻ, പൗരാവകാശ പ്രവർത്തകൻ കെ. രാമചന്ദ്രൻ, വിവിധ സംഘടനാ പ്രതിനിധികളായ അഡ്വ. ഡി.കെ. ഗോപിനാഥ്, തമ്പാൻ തവിടിശ്ശേരി, കെ. ലത്തീഫ്, എൻ.കെ. ഭാസ്കരൻ, ജയ്സൺ ഡൊമനിക്, പപ്പൻ കുഞ്ഞിമംഗലം, സി. വിശാലാക്ഷൻ, കൃഷ്ണൻ പുല്ലൂർ, എം. സുധാകരൻ, അപ്പുക്കുട്ടൻ കാരയിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.