നഴ്സിങ് വിദ്യാർഥിനിയുടെ ആത്മഹത്യ; തിരുവനന്തപുരം സ്വദേശി അറസ്​റ്റിൽ

പയ്യന്നൂർ: പരിയാരം മെഡിക്കൽ കോളജിലെ നഴ്സിങ് വിദ്യാർഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ തിരുവനന്തപുരം സ്വദേശിയായ 19കാരനെ പൊലീസ് അറസ്റ്റ്ചെയ്തു. കോളജിലെ ഒന്നാംവർഷ നഴ്സിങ് വിദ്യാർഥിനി കോഴിക്കോട് കണ്ണങ്കര ചേളന്നൂർ രജനിനിവാസിലെ പി. ശ്രീലയ (19) ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച സംഭവത്തിൽ തിരുവനന്തപുരം വെള്ളറട പൊന്നമ്പി ഹരിത ഹൗസിൽ കിരൺ ബെന്നി കോശിയെയാണ് (19) പരിയാരം മെഡിക്കൽ കോളജ് എസ്.ഐ വി.ആർ. വിനീഷ് അറസ്റ്റ്ചെയ്തത്. ആത്മഹത്യാപ്രേരണ കുറ്റത്തിന് ജാമ്യമില്ലാവകുപ്പ് പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർചെയ്തിരുന്നു. കഴിഞ്ഞ ജൂൺ രണ്ടിനാണ് ചേളന്നൂരിലെ ജയരാജ്-ലീന ദമ്പതികളുടെ മകളായ ശ്രീലയ ഹോസ്റ്റലിലെ ഫാനിൽ ചുരിദാർ ഷാൾ ഉപയോഗിച്ച് തൂങ്ങിമരിച്ചത്. രാവിലെ സുഖമില്ലെന്ന് പറഞ്ഞ് ക്ലാസിൽ പോകാതിരുന്ന ശ്രീലയയെ ഉച്ചക്ക് ക്ലാസ് കഴിഞ്ഞെത്തിയ കൂട്ടുകാരിയാണ് തൂങ്ങിയ നിലയിൽ കണ്ടത്. മകൾ തൂങ്ങിമരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് പി. ജയരാജൻ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രേരണാകുറ്റം കണ്ടെത്തിയത്. കോളജിലെ സുഹൃത്ത് മുഖേനയാണത്രെ ശ്രീലയ ഫോൺമുഖേന കിരണിനെ പരിചയപ്പെട്ടത്. മൂന്നുമാസം മുമ്പ് തുടങ്ങിയ ബന്ധം നേരിട്ടുകാണാതെ തന്നെ പ്രണയമായി വളർന്നു. സംഭവദിവസം തലേന്ന്് കിരണിൽനിന്നുണ്ടായ ചില പരാമർശങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പഠിക്കാൻ വലിയ ബുദ്ധിമുട്ടാണെന്നും അച്ഛനും അമ്മയും ക്ഷമിക്കണമെന്നും കാണിച്ച് ശ്രീലയ എഴുതിയതായി പറയുന്ന കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ, കുറിപ്പിൽ മകളുടെ കൈയക്ഷരമല്ലെന്നും മരണത്തിന് പിന്നിലെ ദുരൂഹത കണ്ടെത്തണമെന്നും കോഴിക്കോട് ഗവ. നഴ്സിങ് കോളജിലെ ഡ്രൈവർ കൂടിയായ പി. ജയരാജൻ ജില്ല പൊലീസ് മേധാവിക്കും കലക്ടർക്കും നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. നല്ല മാർക്ക് വാങ്ങി പ്ലസ് ടു പാസായ മകൾ സ്വന്തം ഇഷ്ടത്തിനനുസരിച്ചാണ് നഴ്സിങ് തെരഞ്ഞെടുത്തതെന്നും പഠനത്തെക്കുറിച്ച് നേരേത്ത വിഷമമറിയിച്ചിരുന്നില്ലെന്നും ജയരാജൻ പറയുന്നു. ശ്രീലയ ആരോടോ ഫോണിൽ ദീർഘനേരം സംസാരിക്കാറുള്ള വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രേരണാകുറ്റം കണ്ടെത്തിയതെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.