ഗെയിൽ: പൂനൂർ പുഴ തുരക്കുന്നു; നിരവധി വീടുകൾ തകർച്ചാഭീഷണിയിൽ

ഗെയിൽ: പൂനൂർ പുഴ തുരക്കുന്നു; നിരവധി വീടുകൾ തകർച്ചാഭീഷണിയിൽ * പ്രദേശത്തെ വീടുകൾക്ക് വ്യാപകമായ വിള്ളലുകൾ താമരശ്ശേരി: പൂനൂർ പുഴക്കു കുറുകെ ഗെയിൽ പൈപ്പ്ലൈൻ സ്ഥാപിക്കുന്നതി​െൻറ ഭാഗമായി വലിയ തുരങ്കം നിർമിക്കുന്നത് സമീപത്തെ നിരവധി വീടുകൾക്ക് ഭീഷണിയാവുന്നു. പുഴക്കു കുറുകെ പൈപ്പ്ലൈൻ കൊണ്ടുപോകുന്നതിന് തച്ചംപൊയിലിനടുത്ത് ചാലക്കരഭാഗത്ത് പുഴയിൽ നിന്ന് 100 മീറ്റർ അകലെവെച്ച് തുരങ്കം നിർമിച്ചാണ് പൈപ്പുകൾ സ്ഥാപിക്കാനൊരുങ്ങുന്നത്. ഈ ഭാഗങ്ങളിൽ ഭൂമിക്കും പുഴക്കുമടിയിൽ കരിങ്കൽ പാറയായതിനാൽ കൂറ്റൻ യന്ത്രസാമഗ്രികളുപയോഗിച്ചാണ് (ചിസിൽ) പൈപ്പ് സ്ഥാപിക്കുന്നതിനുള്ള തുരങ്കം നിർമിക്കുന്നത്. ഇതോടെ പ്രവൃത്തി നടക്കുന്നതിനടുത്തുള്ള നിരവധി വീടുകൾക്കാണ് വലിയതോതിൽ വിള്ളലുണ്ടായിട്ടുള്ളത്. ചാലക്കര വട്ടത്തുമണ്ണിൽ ആലിക്കോയ, അബ്ദുൽ അസീസ്, വി.എം. മുഹമ്മദ്, അബ്ദുൽ നാസർ, ഇസ്മായിൽ തുടങ്ങിയവരുടെ വീടുകൾ തകർച്ചാ ഭീഷണിയിലാണ്. മിക്ക വീടുകളുടെയും പുറത്തും അകത്തുമുള്ള ചുമരുകളിൽ വ്യാപകമായി വിള്ളലുണ്ടായിട്ടുണ്ട്. ചിലഭാഗങ്ങളിൽ കല്ലുകൾ അടർന്ന നിലയിലാണ്. കൂറ്റൻ യന്ത്രങ്ങൾ ഉപയോഗിച്ച് ഒരാഴ്ചയായി തുടരുന്ന തുരങ്ക നിർമാണം തുടർന്നാൽ തങ്ങളുടെ വീടുകൾ നിലംപൊത്തുമെന്ന ഭീതിയിലാണ് വീട്ടുകാർ. വലിയ ശബ്ദവും കുലുക്കവും കാരണം പ്രവൃത്തി നടക്കുന്ന സമയങ്ങളിൽ വീടുകളിൽ നിൽക്കാൻ ഭയമാണെന്ന് വീട്ടുകാർ പറഞ്ഞു. ചിലവീടുകളുടെ കിണറുകൾക്കും വിള്ളലുണ്ടായിട്ടുണ്ട്. വീടുകൾക്കു കൂടുതൽ പ്രശ്നങ്ങൾവന്നതോടെ ശനിയാഴ്ച നാട്ടുകാർ സംഘടിച്ചെത്തി പ്രവൃത്തി നിർത്തിവെപ്പിക്കുകയായിരുന്നു. ഈ ഭാഗത്ത് പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിന് സ്ഥലങ്ങളും കൃഷിയിടങ്ങളും വ്യാപകമായി ഇടിച്ചുനിരത്തിയതിനാൽ കനത്ത മഴയിൽ 12 വീടുകളുടെ കിണറുകളിൽ മലിനജലം കയറി ഉപയോഗശൂന്യമായിട്ടുണ്ട്. പ്രശ്നം ജില്ല കലക്ടറുടെയും റവന്യൂ അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് പ്രദേശത്തുകാരനും മുൻ എം.എൽ.എയുമായ വി.എം. ഉമ്മർ മാസ്റ്റർ പറഞ്ഞു. പൂനൂർ പുഴക്കു കുറുകെ 250ഒാളം മീറ്റർ നീളത്തിലും 15 മീറ്ററോളം ആഴത്തിലും തുരങ്കം നിർമിച്ചാണ് പൈപ്പ്ലൈൻ സ്ഥാപിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.