പയ്യന്നൂർ: ചെറിയ ഇടവേളക്കുശേഷം മഴ വീണ്ടും ശക്തമായതോടെ പയ്യന്നൂരിലെയും പരിസരങ്ങളിലെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി റോഡുകളിൽ വാഹന ഗതാഗതം നിലച്ചു. അന്നൂർ റോഡ്, തായിനേരി, കവ്വായി, പെരുമ്പതായത്തുവയൽ, കാനായി, മണിയറ തുടങ്ങി നിരവധി പ്രദേശങ്ങളിൽ വെള്ളം കയറി. കാനായി അണക്കെട്ട് കരകവിഞ്ഞ് ഒഴുകുകയാണ്. മഴ തുടരുന്നപക്ഷം പുഴക്കരയിൽ താമസിക്കുന്ന കുടുംബങ്ങൾ ദുരിതത്തിലാവും. നിരവധി പ്രദേശങ്ങളിലെ കാർഷിക വിളകൾ വെള്ളത്തിനടിയിലാണ്. മണിയറ വയൽ പൂർണമായും വെള്ളത്തിലായി. പെരുമ്പ പുഴയും നിറഞ്ഞൊഴുകുകയാണ്. വണ്ണാത്തിപ്പുഴ കരകവിഞ്ഞതിനെ തുടർന്ന് കടന്നപ്പള്ളി ചന്തപ്പുര കൊക്കോട്ടുവയലും വെള്ളത്തിലാണ്. പയ്യന്നൂർ- അന്നൂർ റോഡിൽ യാത്രചെയ്യാനാവാത്ത സ്ഥിതിയായി. വെള്ളം നിറഞ്ഞ റോഡ് തിരിച്ചറിയാനാവാത്തവിധം തോട് പോലെയാണ്. ഒരു കിലോമീറ്ററോളം നീളത്തിലും ഒരടിയോളം ഉയരത്തിലുമാണ് പലയിടങ്ങളിലായി വെള്ളം കെട്ടിനിൽക്കുന്നത്. വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പ്രധാന റോഡാണിത്. ദിവസേന കെ.എസ്.ആർ.ടി.സി ബസടക്കം നിരവധി വാഹനങ്ങളും അന്നൂർ യു.പി സ്കൂൾ, ചിന്മയ വിദ്യാലയ, ആർഷ വിദ്യാലയ എന്നിവിടങ്ങളിലേക്കുള്ള കുട്ടികളും പോകുന്ന റോഡാണിത്. പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിന് മുന്നിലും വെള്ളക്കെട്ടാണ്. മൂരിക്കൊവ്വൽ തൊട്ട് അന്നൂർ ആലിൻകീഴിൽ വരെയും കണ്ടക്കോരൻ മുക്കിലും വെള്ളം കയറിയത് നാട്ടുകാരെ ദുരിതത്തിലാക്കി. റോഡിന് പലയിടങ്ങളിലും ഓവുചാലില്ല. ഓവുചാലുള്ള സ്ഥലങ്ങളിൽ മണ്ണും ചളിയും നിറഞ്ഞ് മൂടിയിരിക്കുകയാണ്. പലപ്പോഴും റോഡിെൻറ അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ടെങ്കിലും വെള്ളക്കെട്ട് തടയാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.