കൊട്ടത്തലച്ചി ടൂറിസം പദ്ധതി യാഥാർഥ്യത്തിലേക്ക്

ചെറുപുഴ: സമുദ്രനിരപ്പിൽനിന്ന് 2500 അടിയിലേറെ ഉയരത്തിലുള്ള കൊട്ടത്തലച്ചി മല കേന്ദ്രീകരിച്ച് ചെറുപുഴ പഞ്ചായത്തിൽ നടപ്പാക്കുന്ന ടൂറിസം പദ്ധതി യാഥാർഥ്യത്തിലേക്ക്. ടൂറിസം പദ്ധതി നടപ്പാക്കുന്ന പ്രദേശങ്ങള്‍ കഴിഞ്ഞദിവസം സി. കൃഷ്ണന്‍ എം.എൽ.എയും ടൂറിസം ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. മലയോരമേഖലയിലെ സ്വപ്നപദ്ധതിയാണ് പുളിങ്ങോം ടൗണിൽനിന്ന് കിലോമീറ്റർ മാത്രം അകലെയുള്ള കൊട്ടത്തലച്ചിയിൽ നടപ്പാക്കുന്നത്. പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനും വിലയിരുത്തുന്നതിനും നൂതനാശയങ്ങള്‍ വിഭാവനം ചെയ്യുന്നതിനുമാണ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം കൊട്ടത്തലച്ചി സന്ദർശിച്ചത്. മലയില്‍നിന്ന് താഴ്വരയിലെ കാഴ്ചകൾ ആസ്വദിക്കാനുള്ള വ്യൂപോയൻറ്, ട്രക്കിങ് തുടങ്ങിയവക്കുള്ള അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനെപ്പറ്റി സംഘം ചർച്ച നടത്തി. കൊട്ടത്തലച്ചി മലയിലേക്കുള്ള റോഡ് എട്ട് മീറ്റര്‍ വീതിയില്‍ ഏറ്റെടുത്ത് പഞ്ചായത്ത് വികസിപ്പിക്കും. വിനോദസഞ്ചാരികൾക്കുള്ള വിശ്രമകേന്ദ്രങ്ങൾ, കോട്ടേജുകൾ, വാഹന പാർക്കിങ് സൗകര്യങ്ങൾ, ശുചിമുറി സൗകര്യങ്ങൾ തുടങ്ങിയവ നിർമിക്കുന്നതിന് മൂന്നേക്കര്‍ സ്ഥലം സൗജന്യമായി വിട്ടുനൽകാൻ സ്വകാര്യവ്യക്തികൾ തയാറായിട്ടുണ്ട്. ചെറുപുഴ പഞ്ചായത്ത് സ്ഥലം ഏറ്റെടുത്ത് ടൂറിസം വകുപ്പിന് കൈമാറും. കൊട്ടത്തലച്ചി കുരിശുപള്ളി, കരിഞ്ചാമുണ്ഡി ദേവസ്ഥാനം എന്നീ പൈതൃക ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിനും സൗകര്യമൊരുക്കും. ഇതി​െൻറ ചുവടുപിടിച്ച് പഞ്ചായത്തിൽ ഫാം ടൂറിസം, കാര്യങ്കോട് പുഴയിൽ ജലമാർഗമുള്ള വിനോദപരിപാടികൾ എന്നിവയും ഭാവിപദ്ധതികളാണ്. എം.എല്‍.എക്കൊപ്പം ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ്, നോഡല്‍ ഓഫിസര്‍ വി. മധുസൂദനൻ, ചെറുപുഴ പഞ്ചായത്ത് സെക്രട്ടറി ലാലി മാണി, ആര്‍ക്കിടെക്ട് ഹാഷിൽ, കെ.കെ. ജോയി, കെ.ഡി. അഗസ്റ്റ്യൻ, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.