ഇരിട്ടി: ഇരിട്ടിയിൽ മിനി സിവിൽ സ്റ്റേഷൻ നിർമിക്കാൻ നടപടിയെടുക്കണമെന്ന് താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു. ഇരിട്ടിയിൽ വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ സർക്കാർ ഓഫിസുകളും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ മിനി സിവിൽ സ്റ്റേഷൻ അനിവാര്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. മുസ്ലിംലീഗ് പ്രതിനിധി ഇബ്രാഹിം മുണ്ടേരിയാണ് വിഷയം ഉന്നയിച്ചത്. സിവിൽ സ്റ്റേഷെൻറ രൂപരേഖയും എസ്റ്റിമേറ്റും നേരേത്ത തന്നെ ബന്ധപ്പെട്ട വകുപ്പുകൾക്ക് സമർപ്പിച്ചതാണെന്നും പൊതുമരാമത്ത് വകുപ്പിെൻറ അനുമതിയോടെ ധനകാര്യവകുപ്പിെൻറ പരിഗണനക്ക് വിട്ടതായും തഹസിൽദാർ യോഗത്തെ അറിയിച്ചു. ജൂണിലെ മഴയിൽ കൂടുതൽ നാശം നേരിട്ടത് ജില്ലയിൽ ഇരിട്ടി താലൂക്കിലാണെന്നും 18 വീടുകൾ പൂർണമായും നൂറിലധികം വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ടെന്നും ദുരിതബാധിതർക്ക് ആദ്യഘട്ട സഹായമായി 19,42,770 രൂപ അനുവദിച്ചതായും ഉടൻ പണം നൽകുമെന്നും തഹസിൽദാർ കെ.കെ. ദിവാകരൻ അറിയിച്ചു. കെ.എസ്.ടി.പി റോഡ് വികസനവുമായി ബന്ധപ്പെട്ട് ഇരിട്ടി നഗരത്തിലെ സർവേ പൂർത്തിയായെന്നും ൈകയേറിയ മേഖലകളിൽ സർവേ കല്ല് സ്ഥാപിച്ചതായും ൈകയേറ്റങ്ങൾ സ്വമേധയാ പൊളിച്ചുമാറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും ഹെഡ് സർവേയർ മുഹമ്മദ് പറഞ്ഞു. ഇരിട്ടി പാലത്തിൽ അടിക്കടിയുണ്ടാകുന്ന ഗതാഗതതടസ്സം പരിഹരിക്കാൻ നടപടി വേണമെന്ന് പായം ബാബുരാജ് ആവശ്യപ്പെട്ടു. പലയിടങ്ങളിലും കടപുഴകാറായ മരങ്ങൾ മുറിച്ചുമാറ്റാൻ ഉടമയോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാവുന്നില്ലെന്ന് കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എൻജിനീയർ എം.ടി. ബിജു പറഞ്ഞു. യോഗത്തിൽ പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് ജിജി ജോയ് അധ്യക്ഷതവഹിച്ചു. അയ്യങ്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻറ് തോമസ് വലിയതൊട്ടി, കണിച്ചാർ പഞ്ചായത്ത് പ്രസിഡൻറ് സലീൻ മാണി, വി.വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഉദ്യോഗസ്ഥർ എത്താത്തതിൽ വിമർശനം ഇരിട്ടി: താലൂക്ക് വികസന സമിതിയോഗത്തിൽ ഉന്നത ഉദ്യോഗസ്ഥർ എത്താത്തതിൽ വിമർശനം. പങ്കെടുക്കേണ്ട ഉന്നത ഉദ്യോഗസ്ഥർ കീഴ്ജീവനക്കാരെ യോഗത്തിന് അയക്കുകയാണ്. ഇതുമൂലം ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് പലപ്പോഴും വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്ന് യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. ഒാരോ യോഗത്തിലും മാറിമാറി ഉദ്യോഗസ്ഥരെ അയച്ച് ചില വകുപ്പുകൾ വികസന സമിതി പ്രഹസനമാക്കുന്നതായും വിമർശനമുയർന്നു. ഇത് ശ്രദ്ധയിൽപെട്ടതായും യോഗത്തിൽ പങ്കെടുക്കേണ്ടവരുടെ മാനദണ്ഡത്തെക്കുറിച്ച് എല്ലാ വകുപ്പുകളിലും സർക്കാർ സർക്കുലർ അയച്ചിട്ടുണ്ടെന്നും പങ്കെടുക്കേണ്ട ഉദ്യോഗസ്ഥർ വരാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കണമെന്നും തഹസിൽദാർ കെ.കെ. ദിവാകരൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.