പയ്യന്നൂർ: ജൂണിലെ അതിവർഷത്തിനുശേഷം മഴ മാറിനിന്നത് നെൽകൃഷിക്ക് തിരിച്ചടിയാകുന്നു. ജൂലൈയിൽ മഴ ഇല്ലാതാവുകയും ചെയ്തതോടെ ഒന്നാം വിള കരിഞ്ഞുണങ്ങുകയാണ്. വെള്ളംവറ്റിയ മിക്കവയലുകളും വിണ്ടുകീറിയ നിലയിലാണ്. ഒരു വിള മാത്രം ചെയ്യുന്ന വയലുകളാണ് കൂടുതലായും കരിഞ്ഞുണങ്ങുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞാറ് പറിച്ചുനടീൽ നടക്കുന്ന സന്ദർഭത്തിലാണ് കാലവർഷം ചതിച്ചത്. ചിലയിടങ്ങളിൽ നാട്ടിപ്പണി കഴിയുകയും ചെയ്തു. ഇവിടങ്ങളിൽ നെൽച്ചെടി കരിഞ്ഞുണങ്ങുകയാണ്. നാട്ടികഴിഞ്ഞ് ഒരു മാസമെങ്കിലും നല്ല മഴ ലഭിക്കണം. ഇതാണ് ഇല്ലാതായത്. തിരുവാതിര ഞാറ്റുവേല തിരിമുറിഞ്ഞ് പെയ്യുമെന്നാണ് പഴംചൊല്ല്. ഇത് പതിരാവുകയാണ്. ഞാറ്റുവേലയുടെ തുടക്കത്തിൽ കനത്തമഴ ഉണ്ടായിരുന്നുവെങ്കിലും മധ്യത്തിൽതന്നെ വെയിൽ കനത്തതാണ് ദുരിതമായത്. കാലവർഷത്തെ ആശ്രയിച്ചാണ് ഒന്നാം വിള കൃഷിയുടെ നിലനിൽപ്. എന്നാൽ, കുെറക്കാലങ്ങളായി കാലവർഷം താളംതെറ്റുന്നത് കനത്ത നഷ്ടത്തിന് കാരണമാകുന്നതായി കൃഷിക്കാർ പറയുന്നു. തൊഴിലാളിക്ഷാമവും കൂലിവർധനയും മറ്റുംമൂലം നെൽകൃഷി നഷ്ടത്തിലാണ്. ഇതിനിടയിലാണ് മഴ ലഭിക്കാത്തത് പ്രതിസന്ധിയുണ്ടാക്കുന്നതെന്ന് കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.