കണ്ണൂർ: റേഷൻകടകളിലൂടെ ശബരി ഉൽപന്നങ്ങൾ വിൽക്കുന്നതിനുള്ള പൈലറ്റ് പദ്ധതി നടക്കുന്ന തളാപ്പിലെ റേഷൻകടയിൽ സ്ഥാപിച്ച റാക്കുകളുടെ വില നൽകിയില്ലെങ്കിൽ തിരിച്ചെടുക്കുമെന്ന് കാണിച്ച് പൊതുവിതരണവകുപ്പ് ഉടമക്ക് നോട്ടിസ് നൽകി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ച റേഷൻകടക്കെതിരെയാണ് നടപടി. ഉദ്ഘാടനത്തിനുശേഷം കടയിലെ കമ്പ്യൂട്ടറുകൾ ഉദ്യോഗസ്ഥർ കൊണ്ടുപോയിരുന്നു. റാക്കുകളും കൊണ്ടുപോയാൽ വിൽപനയെ ബാധിക്കുമെന്ന് കടയുടമ പറയുന്നു. റേഷൻകടകളിലൂടെ ബഹുവിധ ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിെൻറ ഭാഗമായാണ് ശബരി ഉൽപന്നങ്ങളുടെ വിൽപന ആരംഭിച്ചത്. ഇതിെൻറ സംസ്ഥാനതല ഉദ്ഘാടനം തളാപ്പിെല ടി.പി. സാജിദയുടെ എ.ആർ.ഡി 121 നമ്പർ റേഷൻകടയിൽ മേയ് 18നാണ് നടന്നത്. ഉദ്ഘാടനത്തിനായി കട നവീകരിക്കണമെന്ന് പൊതുവിതരണവകുപ്പ് നിർദേശിച്ചിരുന്നു. ഇതിെൻറ ചെലവുകൾ വഹിക്കാമെന്നും അറിയിച്ചു. കട നവീകരിച്ച ഉടമ കമ്പ്യൂട്ടറും സ്ഥാപിച്ചിരുന്നു. സാധനങ്ങൾ വെക്കുന്നതിന് ഏഴ് റാക്കുകളും പൊതുവിതരണവകുപ്പ് നൽകി. എന്നാൽ, ഉദ്ഘാടനത്തിനുശേഷം ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കമ്പ്യൂട്ടറുകൾ ഉദ്യോഗസ്ഥർ എടുത്തുകൊണ്ടുപോയി. എതിർപ്പ് അറിയിച്ചപ്പോൾ, ഉദ്ഘാടനത്തിനു വേണ്ടി മാത്രമാണിതെന്നും ആവശ്യമുള്ള കമ്പ്യൂട്ടറുകൾ കടയുടമ തന്നെ സ്ഥാപിക്കണമെന്നുമാണ് പറഞ്ഞത്. ഇതിനുശേഷമാണ് റാക്കുകളും എടുത്തുകൊണ്ടുപോകുമെന്നും അല്ലെങ്കിൽ അതിെൻറ വിലയായ 46,620 രൂപ അടക്കണമെന്നും കാണിച്ച് നോട്ടിസ് നൽകിയത്. റാക്ക് തിരിച്ചെടുക്കാനുള്ള നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിതരണ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്ന് കേരള സ്റ്റേറ്റ് റേഷൻ റീെട്ടയിൽ ഡീലേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി എം.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.