ജൈവകൃഷി അവാര്‍ഡ് നേടിയ പഞ്ചായത്ത് വിതരണം ചെയ്യുന്നത് രാസവളം

ചെറുപുഴ: ജൈവകൃഷി പ്രോത്സാഹനത്തിന് ജില്ലയിലെ മികച്ച പഞ്ചായത്തുകളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ട ചെറുപുഴ പഞ്ചായത്ത് 2018-2019ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാസവളം വിതരണം ചെയ്യുന്നത് വിവാദത്തിലേക്ക്. ജൈവപഞ്ചായത്ത് പുരസ്‌കാരം വെള്ളിയാഴ്ച കൃഷിമന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങാനിരിക്കെ പഞ്ചായത്തി​െൻറ രാസവളം വിതരണത്തിനെതിരെ മലബാര്‍ പരിസ്ഥിതിസമിതിയാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. തെങ്ങ് കര്‍ഷകര്‍ക്ക് രാസവളവും ഡോളമെറ്റും വിതരണം ചെയ്യാനായി 25,30,660 രൂപയാണ് നടപ്പ് സാമ്പത്തികവര്‍ഷം പഞ്ചായത്ത് നീക്കിവെച്ചിട്ടുള്ളത്. 50,000 തെങ്ങുകള്‍ക്ക് രാസവളം നല്‍കാനാണുദ്ദേശിച്ചിട്ടുള്ളത്. ജില്ല ആസൂത്രണസമിതി ഇതിന് അംഗീകാരവും നല്‍കിയിട്ടുണ്ട്. അതേസമയം, മികച്ചരീതിയില്‍ ജൈവകൃഷി നടത്തിയതിനും ജൈവകൃഷിയിലേക്ക് കര്‍ഷകരെ തിരികെ കൊണ്ടുവരുന്നതിനുമാണ് പഞ്ചായത്തിന് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ജൈവ പഞ്ചായത്ത് അവാര്‍ഡ് ലഭിച്ചത്. ജൈവ സര്‍ട്ടിഫിക്കറ്റ് നേടിയ നാനൂറോളം കര്‍ഷകര്‍ പഞ്ചായത്തിലുണ്ട്. 320 ഹെക്ടര്‍ സ്ഥലത്ത് വര്‍ഷങ്ങളായി ജൈവകൃഷിയുണ്ട്. കഴിഞ്ഞവര്‍ഷം പരമ്പരാഗത കൃഷി വികാസ് പദ്ധതിപ്രകാരം ഒന്ന്, 19 വാര്‍ഡുകളില്‍ 20 ഹെക്ടര്‍ സ്ഥലത്ത് പുതുതായി ജൈവകൃഷിരീതി സ്വീകരിച്ചു. ജൈവ റോഡ് പദ്ധതിപ്രകാരം റോഡരികില്‍ 10 ഹെക്ടര്‍ സ്ഥലത്ത് ജൈവകൃഷി നടത്തിയിട്ടുണ്ട്. ജൈവകൃഷി ബോധവത്കരണത്തിന് നിരവധി ക്ലാസുകളും നടത്തി. ഇങ്ങനെ പഞ്ചായത്താകെ ജൈവകൃഷിയിലേക്ക് പൂർണമായും മാറുന്നതിനിടയിലാണ് തലതിരിഞ്ഞ നടപടിയെന്നാണ് ആരോപണം. ഇതോടെ ജൈവവളം പ്രതീക്ഷിച്ച് കാത്തിരുന്ന ജൈവകര്‍ഷകര്‍ പദ്ധതിയില്‍നിന്ന് പുറത്തായി. രാസവളം വിതരണം ചെയ്യാനുള്ള തീരുമാനത്തെ പ്രതിപക്ഷത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ എതിര്‍ത്തിരുന്നതായി പറയുന്നു. സ്ഥിരംസമിതി യോഗത്തില്‍ ജൈവവളം വിതരണം ചെയ്യാനാണ് തീരുമാനമെടുത്തിരുന്നതെന്നും ഭരണസമിതി ഈ തീരുമാനത്തെ അട്ടിമറിക്കുകയായിരുന്നുവെന്നും പഞ്ചായത്ത് മുന്‍ പ്രസിഡൻറ് ജമീല കോളയത്ത് പറഞ്ഞു. എന്നാല്‍, വികസനസമിതിയും ഗ്രാമസഭയും ആവശ്യപ്പെട്ടിട്ടാണ് രാസവളം വിതരണം ചെയ്യാന്‍ തീരുമാനമെടുത്തതെന്നാണ് ഭരണസമിതി നല്‍കുന്ന വിശദീകരണം. വെള്ളിയാഴ്ച ചെറുപുഴയിലെത്തുന്ന കൃഷിമന്ത്രിക്ക് പരാതി നല്‍കാന്‍ പരിസ്ഥിതിസമിതി തീരുമാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.