മോഷ്​ടിച്ച കാറുമായി പരാക്രമം; യുവാവും യുവതിയും കസ്​റ്റഡിയിൽ

രണ്ട് ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു; രണ്ടുപേർക്ക് പരിക്ക് മാനന്തവാടി: മോഷ്ടിച്ച കാറുമായി കുഴിനിലം ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവും യുവതിയും പൊലീസ് കസ്റ്റഡിയിൽ. എറണാകുളത്തുനിന്ന് മോഷ്ടിച്ച കാറുമായാണ് എറണാകുളം സ്വദേശിയും ഇരിട്ടി സ്വദേശിനിയും എത്തിയത്. അമിത വേഗതയിൽ വന്ന കാർ രണ്ടു ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ചു. ഒടുവിൽ കാർ ഉപേക്ഷിച്ച് കടന്ന ഇവരെ നാട്ടുകാരും പൊലീസും ചേർന്നാണ് പിടികൂടിയത്. അപകടത്തിൽ ബൈക്ക് യാത്രികരായ കുഴിനിലം സ്വദേശികൾ സാജു, അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റു. ഇവരെ ജില്ല ആശുപത്രി‍യിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 10ഒാടെയാണ് സംഭവം. അപകടശേഷം നിര്‍ത്താതെപോയ കാര്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് തലപ്പുഴ 44ൽ തടഞ്ഞു. എന്നാൽ, ഇരുവരും ഇറങ്ങിയോടി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ പരിസരത്തെ വീടിന് സമീപത്തുനിന്ന് പിടികൂടുകയായിരുന്നു. തലപ്പുഴ പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ കാര്‍ കളമശ്ശേരി സ്വദേശിയായ പ്രഫസറുടേതാണെന്ന് കണ്ടെത്തി. രണ്ടാഴ്ചമുമ്പ് മോഷ്ടിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ഇവർക്കെതിരെ മറ്റു കേസുകളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. നാട്ടുകാരുടെ സഹായത്തോടെ തലപ്പുഴ എസ്.ഐ സി.ആർ. അനില്‍കുമാർ, എസ്.ഐ ഇ.ജെ. ചാക്കോ, എസ്.സി.പി.ഒമാരായ സുരേഷ്, നൗഷാദ്, സി.പി.ഒമാരായ റോബിൻ, റഹീം, സരിത്, ഹോംഗാര്‍ഡ് പൗലോസ്, ഡ്രൈവര്‍ രതീഷ് എന്നിവർ ചേർന്നാണ് ഇരുവരെയും പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.