കാഞ്ഞങ്ങാട്: വേദനകൾക്ക് വായന മരുന്നാക്കിയ സതിയുടെ സ്നേഹഭാഷണം വിദ്യാർഥികൾക്ക് പുതിയ അനുഭവമായി. ഹെലൻ കെല്ലർ ദിനത്തിലാണ് കൊടക്കാട് പൊള്ളപ്പൊയിലിലെ സതി മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പിയിലെ സ്കൂൾ ആകാശവാണിയിലൂടെ കുട്ടികളുമായി സംവദിച്ചത്. സ്പൈനൽ മസ്കുലർ അസ്ട്രോഫി ടൈപ്പ് 2 എന്ന രോഗം ബാധിച്ച് പ്രൈമറി ക്ലാസിൽ തന്നെ വിദ്യാഭ്യാസം നിർത്തേണ്ടിവന്ന സതിക്ക് പിതാവ് അധ്യാപകനും നാടൻകല പണ്ഡിതനുമായ സിവിക് കൊടക്കാടാണ് പുസ്തക ചങ്ങാത്തത്തിലൂടെ ജീവിതത്തിൽ വേറിട്ട വഴി തുറന്നുകൊടുത്തത്. ബാലസാഹിത്യത്തിൽ തുടങ്ങിയ പരന്ന വായന ആസ്വാദന കുറിപ്പുകൾ രേഖപ്പെടുത്തുന്നതിലേക്ക് വളർന്നു. ക്രമേണ എഴുത്തുകാരുമായി തൂലികാ സൗഹൃദമുണ്ടാക്കി. അങ്ങനെ ഈ പ്രായത്തിനിടയിൽ സതി വായിച്ചുതീർത്തത് 3000ത്തിലധികം പുസ്തകങ്ങൾ. മലയാളത്തിലെ പ്രഗല്ഭരായ എല്ലാ എഴുത്തുകാരുമായും നല്ല ബന്ധത്തിലാണ്. ഓരോ പുസ്തകം വായിക്കുമ്പോഴും ആ പുസ്തകത്തിെൻറ ആസ്വാദന കുറിപ്പ് തയാറാക്കി സൂക്ഷിച്ചുവെക്കുക സതിയുടെ പ്രത്യേകതയാണ്. വിദ്യാർഥികളുമായുള്ള സംഭാഷണത്തിനിടയിലും സതി ഓർമിപ്പിച്ചത്, വായന ഒരു ജീവിതാനുഭവമാക്കി സ്വാംശീകരിക്കണമെങ്കിൽ വായിച്ച പുസ്തകത്തിെൻറ ആസ്വാദന കുറിപ്പ് തയാറാക്കണമെന്നാണ്. പുസ്തകത്തെ ജീവിതത്തിൽ എല്ലാ ദുഃഖങ്ങളും മറക്കുന്നതിനുള്ള ചങ്ങാതിയാക്കി മാറ്റണമെന്നും സ്വന്തം ജീവിതത്തെ സാക്ഷിനിർത്തിക്കൊണ്ട് സതി പറഞ്ഞു. ശാരീരികവൈകല്യങ്ങൾ ഒരിക്കലും മനുഷ്യെൻറ മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തുന്നില്ല എന്ന് ഓർമിപ്പിക്കുന്നതായിരുന്നു ഹെലൻ കെല്ലർ ദിനത്തിൽ സതി നടത്തിയ ഭാഷണം. എല്ലാ കൂട്ടുകാരെയും വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടാണ് സതി സംഭാഷണം അവസാനിപ്പിച്ചത്. പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ മോഡറേറ്ററായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.