ജില്ല ആശുപത്രിയില്‍ പുതിയ വാര്‍ഡുകൾ പ്രവർത്തനക്ഷമമായില്ല

കണ്ണൂര്‍: ജില്ല ആശുപത്രിയില്‍ ആധുനിക സംവിധാനങ്ങളോടെ നിർമിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് സമുച്ചയം പ്രവർത്തനക്ഷമമായില്ല. വാർഡുകളിൽ കിടത്തിചികിത്സ നീളുകയാണ്. ആരോഗ്യമന്ത്രി ഉദ്ഘാടനംചെയ്ത് ഒരുമാസം പിന്നിട്ടിട്ടും വാര്‍ഡുകള്‍ തുറന്നില്ല. പുതിയ ബ്ലോക്ക് അടുത്തദിവസം തന്നെ പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന് ഉദ്ഘാടന വേളയില്‍ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാൽ, വാർഡുകളിൽ ഒരു സജ്ജീകരണവും ഏർപ്പെടുത്താതെയായിരുന്നു ഉദ്ഘാടനം. ഫർണിച്ചറടക്കം ആവശ്യമായ സാധനസാമഗ്രികൾ ഇല്ലാത്തതാണ് പ്രവർത്തനം മരവിക്കാൻ കാരണം. കട്ടിലുകളടക്കമുള്ള ഫർണിച്ചറുകൾ കഴിഞ്ഞ ദിവസമാണ് എത്തിയത്. സ്റ്റീൽ നിർമിതമായ കട്ടിലുകൾ സ്ഥാപിക്കാനുള്ള ജോലി നടന്നുവരുകയാണ്. ഒന്നാംനിലയിൽ ഗർഭിണികളുടെ വാർഡിലാണ് കട്ടിലുകൾ സ്ഥാപിക്കുന്നത്. 50 കിടക്കകളാണ് ഇവിടെ സജ്ജീകരിക്കുന്നത്. രണ്ടാം നിലയിൽ കുട്ടികളുടെ വാർഡാണ് ഒരുക്കുന്നത്. പഴയ കെട്ടിടത്തിലെ വാർഡ് ഇവിടേക്ക് മാറ്റുകയാണ്. നേരേത്തയുള്ള കട്ടിലുകൾ അറ്റകുറ്റപ്പണികൾ തീർത്ത് പെയിൻറടിച്ചാണ് കുട്ടികളുടെ വാർഡിൽ സ്ഥാപിക്കുക. 40 കിടക്കകളാണ് കുട്ടികളുടെ വാർഡിൽ. ഫർണിച്ചർ സജ്ജീകരണ ജോലികൾ കഴിഞ്ഞ് ഒരാഴ്ചക്കകം വാർഡിൽ കിടത്തി ചികിത്സ തുടങ്ങുമെന്ന് സൂപ്രണ്ട് ഇൻ ചാർജ് ഡോ. രാജേഷ് പറഞ്ഞു. കെട്ടിടത്തിലെ ഒ.പി വിഭാഗത്തിലടക്കം ഫർണിച്ചറിനായി 25 ലക്ഷം രൂപ ജില്ല പഞ്ചായത്ത് നേരേത്ത നൽകിയിരുന്നു. എന്നാൽ, ഇവ എത്തിക്കുന്നതിലെ കാലതാമസമാണ് പ്രവർത്തനം വൈകാൻ കാരണമായത്. താഴത്തെ നിലയില്‍ സ്ത്രീരോഗ വിഭാഗം, ശിശുരോഗ വിഭാഗം ഒ.പികള്‍, അമ്മക്കും കുഞ്ഞിനുമുള്ള പ്രതിരോധ ചികിത്സ യൂനിറ്റ്, കുടുംബാസൂത്രണ ചികിത്സ യൂനിറ്റ്, മാമോഗ്രാം ഉള്‍പ്പെടെ അർബുദം തുടക്കത്തില്‍ കണ്ടെത്താനുള്ള യൂനിറ്റ് എന്നിവയാണ് സജ്ജീകരിച്ചത്. ഇതില്‍ സ്ത്രീരോഗ-ശിശുരോഗ വിഭാഗങ്ങളിലെ ഒ.പികള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. കുട്ടികളുടെ വാർഡ് താൽക്കാലികമായാണ് ഇവിടെ പ്രവർത്തിക്കുക. ആശുപത്രിയുടെ മാസ്റ്റര്‍പ്ലാന്‍ പ്രകാരമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ കുട്ടികളുടെ വാര്‍ഡ് അവിടേക്ക് മാറ്റും. ആരോഗ്യവകുപ്പ് 2.4 കോടി രൂപ െചലവിട്ട് യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മിച്ച കെട്ടിടം ജൂൺ മൂന്നിനാണ് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനംചെയ്തത്. ആവശ്യമായ സംവിധാനങ്ങളൊരുക്കാതെ കെട്ടിടം തുറന്നത് വിവിധ കോണുകളിൽ നിന്ന് പരാതിക്കിടയാക്കിയിരുന്നു. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസം തികഞ്ഞിട്ടും എല്ലാ സംവിധാനങ്ങളും ഇതുവരെ ഒരുക്കാനായില്ല. കിടക്ക, ട്രോളി തുടങ്ങിയ സാധനസാമഗ്രികളും ഇനിയും എത്താനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.