പയ്യന്നൂർ: നീണ്ട കാത്തിരിപ്പിനുശേഷം സർക്കാർ നിയന്ത്രണത്തിലായിട്ടും വിവാദങ്ങളും പ്രക്ഷോഭങ്ങളും അടങ്ങാതെ പരിയാരം മെഡിക്കൽ കോളജ്. വിദ്യാർഥി പ്രവേശന നടപടി തുടങ്ങിയതോടെ കോളജ് കവാടത്തിൽ സമരങ്ങളുടെ പരമ്പര അരങ്ങേറുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ എം.എസ്.എഫും കെ.എസ്.യുവും വെവ്വേറെ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ഇതിനു തൊട്ടുപിന്നാലെയാണ് ബുധനാഴ്ച കോൺഗ്രസും മാർച്ച് നടത്തുന്നത്. ഏറെ മുറവിളികൾക്കും പ്രക്ഷോഭങ്ങൾക്കുമൊടുവിലാണ് കോളജ് സർക്കാർ നിയന്ത്രണത്തിലായത്. രണ്ടുമാസം മുമ്പ് മന്ത്രി കെ.കെ.ശൈലജ പ്രഖ്യാപനം നടത്തുകയും കലക്ടറുടെ നേതൃത്വത്തിൽ മൂന്നംഗ താൽക്കാലിക ഭരണസമിതിക്ക് അധികാരം കൈമാറുകയും ചെയ്തു. സർക്കാർ ഏറ്റെടുത്ത കോളജിൽ സർക്കാർ സേവനങ്ങൾ ലഭിക്കാത്തതാണ് പ്രതിപക്ഷ സംഘടനകളുടെയും പരിയാരം മെഡിക്കൽ കോളജ് പ്രക്ഷോഭ സമിതിയുടെയും സമരപരമ്പരകൾക്ക് കാരണമാവുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ സ്വാശ്രയ രീതിയിൽ പ്രവേശനം നടത്തുകയും സൗജന്യ ചികിത്സ നൽകാത്തതുമാണ് ഇപ്പോഴത്തെ വിവാദം. പൂർണമായും സർക്കാർ നിയന്ത്രണത്തിലാവുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരാനാണ് താൽക്കാലിക ഭരണ സമിതിക്ക് സർക്കാർ നൽകിയ നിർദേശം. അത് അനുസരിക്കുക മാത്രമാണ് ബന്ധപ്പെട്ടവർ ചെയ്യുന്നത്. അടുത്ത കാലത്ത് ചില ചികിത്സാ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിന് ഏറ്റെടുക്കലുമായി ബന്ധമില്ലെന്നാണ് സൂചന. മാത്രമല്ല, സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങൾക്ക് ഇളവില്ല. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ സന്ദർശനമടുത്തതിനാൽ രോഗികളെ ആകർഷിക്കാനുള്ള തന്ത്രം മാത്രമാണിതെന്നും കോഴിക്കോട് മെഡിക്കൽ കോളജിനു സമാനമായ സേവനമാണ് ലഭ്യമാക്കേണ്ടതെന്നും പ്രക്ഷോഭ സമിതിയും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെടുന്നു. അതേസമയം, പെട്ടെന്ന് സർക്കാർ മെഡിക്കൽ കോളജായി പരിയാരത്തെ മാറ്റുകയെന്നത് അപ്രായോഗികമാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ ഉൾപ്പെടെയുള്ളവരുടെ പൊതുവേയുള്ള വിലയിരുത്തൽ. സർക്കാർ കോളജുകളിലേ പോലെയുള്ള നിയമനമല്ല പരിയാരത്ത് നടന്നത്. മത്സര പരീക്ഷപോലും നടത്താതെയാണ് പല നിയമനങ്ങളും നടന്നത്. അതു കൊണ്ടുതന്നെ ഇത്തരം നിയമനങ്ങൾ ഒഴിവാക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ക്രമേണ നടപടിക്രമങ്ങൾ പാലിച്ച് നിയമനം നടത്താനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ചില ഡോക്ടർമാരുടെ ഒഴിവുകൾ നികത്തിയത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖാന്തരമാണ്. മുൻകാലങ്ങളിൽ ഇങ്ങനെ ചെയ്യാറില്ല. കൊച്ചി സഹകരണ മെഡിക്കൽ കോളജ് പോലും പൂർണമായും സർക്കാർ മേഖലയിലാവാൻ നാലു വർഷമെടുത്തിരുന്നു. പരിയാരത്ത് ഇതിലും കൂടുതൽ സമയമെടുക്കേണ്ടിവരുമെന്നാണ് സർക്കാർ വിലയിരുത്തൽ. മാത്രമല്ല, പൂർണമായും സർക്കാർ നിയന്ത്രണത്തിനു പകരം സർക്കാർ നിയന്ത്രിത സമിതിയാണ് ലക്ഷ്യമിടുന്നത്. ഇതിെൻറ നിയമാവലി തയാറായി വരുകയാണ്. അടുത്ത നിയമസഭ സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബിൽ പാസാക്കുമെന്നാണ് സൂചന. ഈ രീതിയിൽ വന്നാലും പൂർണമായും സൗജന്യ സേവനം പ്രതീക്ഷിക്കേണ്ടതില്ല. ഇതും പരിയാരത്ത് വിവാദങ്ങൾ തുടരാൻ കാരണമാവും. പരിയാരത്ത് ശിലയിടൽ മുതൽ തുടങ്ങിയ വിവാദവും സമരവുമാണ് ഇപ്പോഴും തുടരുന്നത്. ആശുപത്രിക്കും കോളജിനും കൂടി ഒരു കവാടം മാത്രമാണുള്ളത്. ചുറ്റുമതിലും ഇല്ല. അതുകൊണ്ടുതന്നെ ഇവിടത്തെ സമരങ്ങൾ പൊലീസിനും പൊതുജനങ്ങൾക്കും രോഗികൾക്കും തലവേദനയാണ്. രാഘവൻ കടന്നപ്പള്ളി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.