ആടാംപാറയിൽ വീട്ടുപരിസരത്ത് കാട്ടാന പ്രസവിച്ചു; കുട്ടിയാന ചെരിഞ്ഞു

ശ്രീകണ്ഠപുരം: കർണാടക വനാതിർത്തിയിൽ പയ്യാവൂർ ആടാംപാറയിൽ വീട്ടുപരിസരത്ത് കാട്ടാന പ്രസവിച്ചു. അവശനിലയിൽ കണ്ടെത്തിയ കുട്ടിയാന മണിക്കൂറുകൾക്കകം ചെരിഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് ആടാംപാറയിലെ ബിനോയിയുടെ വീട്ടുപരിസരത്തെ കൃഷിയിടത്തിൽ അവശനിലയിലായ ആനക്കുട്ടിയെ നാട്ടുകാർ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി പ്രസവിച്ചതാണെന്ന് കരുതുന്നു. തുടർന്ന് വനപാലകരെ വിവരമറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയെത്തിയ വനപാലകരും നാട്ടുകാരും പൊലീസും ചേർന്ന് ആനക്കുട്ടിയെ പൈസക്കരി വെറ്ററിനറി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടിയന്തര പരിരക്ഷയൊരുക്കാൻ വൈകിയതാണ് കുട്ടിയാന ചെരിയാൻ കാരണമെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ജഡം ആറളം വന്യജീവിസേങ്കതം വെറ്ററിനറി സർജൻ ഡോ. അരുൺ പോസ്റ്റ്മോർട്ടം നടത്തി. പിന്നീട് ആടാംപാറ ഫോറസ്റ്റ് ഓഫിസിന് സമീപം മറവുചെയ്തു. രണ്ടു ദിവസം മുമ്പ് ആടാംപാറയിൽ കാട്ടാന ഇറങ്ങിയിരുന്നു. വീട്ടുപരിസരത്ത് എത്തിയതിനാൽ ഭീതികാരണം അന്ന് നാട്ടുകാരും പൊലീസും ചേർന്ന് കാട്ടാനക്കൂട്ടത്തെ പടക്കം പൊട്ടിച്ച് ഓടിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി തിരിച്ചെത്തിയ ആനക്കൂട്ടത്തെ ഓടിക്കുന്നതിനിടയിലാണ് അവശനിലയിലായ ആനക്കുട്ടിയെ കണ്ടത്. ഡി.എഫ്.ഒ സുനിൽ പാമിഡി, റാപിഡ്‌ ഫോഴ്‌സ് ഡി.എഫ്.ഒ സോളമൻ തോമസ്, അസി. ഫോറസ്റ്റ് കൺസർവേറ്റർ ടി. പ്രദീപ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി.വി. സജിത്ത്, എം. രാംദാസ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ഇ. നാരായണൻ എന്നിവർ സംഭവസ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.