വെള്ളിവിളക്കും വാളും പരിചയുമേന്തി 86കാരി സുൽത്താൻ അധികാരമേറ്റു

കണ്ണൂർ: അറക്കൽ രാജസ്വരൂപത്തി​െൻറ ഗതകാലപ്രൗഢിയുടെ ചിഹ്നങ്ങളായ വെള്ളിവിളക്കും വാളും പരിചയുമേന്തി 86കാരിയായ ആദിരാജ ഫാത്തിമ മുത്തുബീബി 38ാം സുൽത്താനായി സ്ഥാനാരോഹിതയായി. 37ാമത് സുൽത്താൻ അറക്കൽ ആദിരാജ സൈനബ ആയിശബി മരിച്ചതി​െൻറ അഞ്ചാം ദിവസമായ ഞായറാഴ്ച അറക്കൽ പാലസ് മ്യൂസിയത്തിൽ സ്വരൂപത്തിലെ തലമുതിർന്നവരുൾപ്പെടെ അണിനിരന്ന ചടങ്ങ് രാജവാഴ്ചക്കാലത്തി​െൻറ ഒാർമകളെ പ്രതീകവത്കരിക്കുന്നതായി. രാജകുടുംബത്തി​െൻറ ചരിത്രത്തിൽ ദീർഘകാലത്തിനുശേഷം മാത്രം കടന്നു വരാറുള്ള അധികാരകൈമാറ്റത്തി​െൻറ അപൂർവ ചടങ്ങാണ് അറക്കൽ പാലസ് മ്യൂസിയത്തിൽ ഇന്നലെ നടന്നത്. പുതിയ ബീവിയും താവഴി കുടുംബവും ചടങ്ങിനായി എത്തിയപ്പോൾ മുത്തുക്കുടയേന്തിയ പരിചാരകർ ആചാരവായ്ത്താരികളോടെ എതിരേറ്റു. പച്ചപ്പട്ട് ധരിച്ച് വാളേന്തിനിന്ന അംഗരക്ഷകർ ബീവിയെ വണങ്ങി. പരിചാരകർ വെള്ളിവടിയേന്തി രാജസിംഹാസനത്തിലേക്ക് ആനയിച്ചു. മരിച്ച ബീവിയുടെ മകൻ ആദിരാജ മുഹമ്മദ് റാഫി അധികാര കൈമാറ്റത്തി​െൻറ സാരഥിയായി അധ്യക്ഷതവഹിച്ചു. സ്വരൂപത്തിലെ പള്ളിപ്രതിനിധി ഷാഹുൽഹമീദ് പ്രത്യേക ദുആ നിർവഹിച്ചതോടെയാണ് ചടങ്ങ് ആരംഭിച്ചത്. 86​െൻറ അവശത മറന്ന് പുതിയ ബീവി ചടങ്ങിൽ ഇഴുകിച്ചേർന്നു. ഡോ. ജവഹർ ആദിരാജ സ്വാഗതം പറഞ്ഞു. അധികാരത്തി​െൻറ അടയാളമായി വെള്ളിവിളക്കും അംശവടിയും സുൽത്താൻ ഏറ്റെടുത്തു. ത​െൻറ മുൻഗാമിയുടെ മക്കൾ സഇൗദ ബീബിയും ആദിരാജ മുഹമ്മദ്റാഫിയുമാണ് അധികാര ചിഹ്നങ്ങൾ ബീവിക്ക് കൈമാറിയത്. അറക്കൽ മ്യൂസിയത്തി​െൻറയും മറ്റ് ആസ്തികളുടെയും മഹല്ല് അധികാരങ്ങളുടെയും ഫയലുകളും ബീവിയുടെ മേശപ്പുറത്ത് പരിചാരകർ വെച്ചു. സുൽത്താ​െൻറ ചെറുമകൾ നികിത മുംതാസ് പുതിയ സുൽത്താ​െൻറ പ്രജകളോടുള്ള വിളംബരം വായിച്ചു. നാട്ടിൽ ആരും പട്ടിണി കിടക്കരുതെന്നാണ് ത​െൻറ മോഹമെന്നും സ്നേഹവും സൗഹാർദവും ഉൗട്ടിവളർത്താനുള്ള ഏത് നടപടികളുമായി സ്വരൂപം സഹകരിക്കുമെന്നും അവർ പറഞ്ഞു. രാജ്യസുരക്ഷക്ക് ഉശിരൻ സേവനം നൽകിയ അറക്കൽ രാജകുടുംബം നാടിന് സമർപ്പിച്ച സ്വത്തിന് മാലിഖാനായി ബ്രിട്ടീഷുകാർ വഞ്ചനാപൂർവം നടത്തിയ കരാറി​െൻറ കുരുക്കഴിക്കാനോ മാലിഖാൻ വർധിപ്പിക്കാനോ ഇന്നേവരെ തുനിയാതിരുന്നതിൽ ബീവി ഉത്കണ്ഠ അറിയിച്ചു. അറക്കൽ സ്വരൂപത്തിനുള്ള അർഹമായ പരിഗണന കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നൽകണമെന്നും ആവശ്യപ്പെട്ടു. ചടങ്ങിൽ ആശംസ നേർന്ന മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറക്കൽ രാജവംശത്തിനുള്ള മുഖ്യമന്ത്രിയുടെ ആശംസ സന്ദേശവും വായിച്ചു. എ.ഡി.എം യൂസഫ് ജില്ല ഭരണകൂടത്തി​െൻറ ആശംസ കൈമാറി. മലബാറി​െൻറ നാവികപ്പടയിൽ പ്രതാപശാലികളായ അറക്കൽ സ്വരൂപത്തെ അനുമോദിക്കാൻ രാജ്യരക്ഷാവകുപ്പ് പ്രതിനിധി ചത്രേശ് അഗർവാൾ, കോർപറേഷൻ മേയർ ഇ.പി. ലത, ചിറക്കൽ കോവിലകത്തുനിന്ന് സി.കെ. കേരളവർമ, കുറുമ്പനാട് രാജവംശത്തെ പ്രതിനിധാനംചെയ്ത് രവിവർമ തമ്പുരാൻ തുടങ്ങിയവരും എത്തിച്ചേർന്നു. അറക്കൽ പാരമ്പര്യത്തിൽ പ്രസിദ്ധമായ 'കഞ്ഞി'യും ചടങ്ങിനെത്തിയവർക്ക് വിളമ്പി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.