കാഞ്ഞങ്ങാട്: കെ.എസ്.ടി.പി റോഡിലൂടെ ചീറിപ്പായുന്ന വലിയ വാഹനങ്ങളുടെ എണ്ണം വർധിച്ചിട്ടും നടപടിയെടുക്കാതെ അധികൃതർ. വലിയ വാഹനങ്ങൾ പോകുന്നതുമൂലം കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗതക്കുരുക്കും അപകടങ്ങളും വർധിക്കുകയാണ്. കാഞ്ഞങ്ങാട് സൗത്തില്‍നിന്ന് കാസര്‍കോട്ടേക്ക് കെ.എസ്.ടി.പി റോഡ് നിർമാണം ഏകദേശം പൂര്‍ത്തിയായതോടെയാണ് കണ്ടെയ്നറുകൾ ഉൾപ്പെടെയുള്ള വലിയവാഹനങ്ങള്‍ നഗരത്തിലൂടെ കടന്നുപോകാൻ തുടങ്ങിയത്. ദേശീയപാതകളിൽ മാത്രം പോകാൻ അനുമതിയുള്ള ഗ്യാസ് ടാങ്കർ ലോറികൾ, രാസവസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾ തുടങ്ങിയ വലിയ വാഹനങ്ങൾ ഒരു സുരക്ഷാമാനദണ്ഡവും പാലിക്കാതെയാണ് ചീറിപ്പായുന്നത്. വാഹനനിയന്ത്രണത്തിന് കാഞ്ഞങ്ങാട് സൗത്തിലും കാസർകോട് പ്രസ്ക്ലബ് ജങ്‌ഷനിലും ഹോംഗാർഡിനെ നിയമിച്ചിട്ടുണ്ടെങ്കിലും പരിഹാരമില്ല. ദേശീയപാതയിലെ വളവുകളും കടന്നുേപാകാൻ കൂടുതൽ സമയമെടുക്കുന്നതുമാണ് വാഹനങ്ങളെ ഈ വഴിക്ക് ആകർഷിക്കുന്നത്. രാത്രി മീൻവണ്ടികളാണ് പ്രശ്നം. ഭൂരിഭാഗവും മാലിന്യടാങ്ക് തുറന്നുവിട്ടാണ് യാത്ര. മലിനജലം റോഡിലേക്ക് ഒഴുകും. ആംബുലൻസുപോലും നഗരത്തിലെ കുരുക്കിൽപെടുന്നുവെന്ന് ഡ്രൈവർമാർ പറയുന്നു. ചന്ദ്രഗിരിപ്പാതയിൽ വലിയ വണ്ടികൾ ഒാടാൻ തുടങ്ങിയതുമുതൽ പ്രതിസന്ധിയാണ്. സൈറൺ മുഴക്കി അപായ ലൈറ്റിട്ട് സിഗ്നൽ നൽകിയാൽപോലും വലിയ വാഹനങ്ങൾ മാറിത്തരുന്നില്ലെന്ന് ആംബുലൻസ് ഡ്രൈവർമാർ സങ്കടത്തോടെ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.