പറശ്ശിനിക്കടവ് (കണ്ണൂര്‍): ഉത്തരമലബാറിലെ നദികളുടെയും നദീതീരങ്ങളിലെ സംസ്‌കാരങ്ങളുടെയും സാധ്യതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സംസ്ഥാന സര്‍ക്കാറും ടൂറിസം വകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്ന മലനാട്-മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിലാണ് കണ്ണൂർ-കാസർകോട് ജില്ലകളെ ബന്ധിപ്പിക്കുന്ന 325 കോടിയുടെ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. നദികള്‍, തീരപ്രദേശങ്ങള്‍, കലാരൂപങ്ങൾ തുടങ്ങിയ മലബാറിെൻറ വിനോദ സഞ്ചാര സാധ്യതകള്‍ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി തയാറാക്കിയതാണ് മലനാട്-മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം, കുപ്പം, പെരുമ്പ, കവ്വായി, അഞ്ചരക്കണ്ടി, മാഹി എന്നീ നദികളും കാസർകോട് ജില്ലയിലെ തേജസ്വിനി, ചന്ദ്രഗിരി നദികളും വലിയപറമ്പ കായലും ഇവയുടെ തീരപ്രദേശങ്ങളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് ജില്ലകളിലുമായി 17 ബോട്ട് ടെര്‍മിനലുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 53.07 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. വിനോദ സഞ്ചാര വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനും സംയുക്തമായി ചേര്‍ന്ന പദ്ധതിയുടെ ഭാഗമാകുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും പരിശീലനവും നല്‍കിയാവും പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ മൂന്ന് ക്രൂയിസുകളുടെ നടത്തിപ്പിനായി സ്വദേശി ദര്‍ശന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ 83.34 കോടി രൂപയുടെ അംഗീകാരവും നല്‍കിയിട്ടുണ്ട്. ചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ് സ്വാഗതം പറഞ്ഞു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, പി.കെ.ശ്രീമതി എം.പി, കെ.കെ.രാഗേഷ് എം.പി, എം.എൽ.എമാരായ ജയിംസ് മാത്യു, ടി.വി.രാജേഷ്, സി. കൃഷ്ണൻ, എം. രാജഗോപാലൻ എന്നിവർ സംസാരിച്ചു. കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി.സുമേഷ്, കാസർകോട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ, കണ്ണൂർ കലക്ടർ മിർ മുഹമ്മദലി, സി.പി.എം ജില്ല സെക്രട്ടറി പി.ജയരാജൻ, ആന്തൂർ നഗരസഭ ചെയർപേഴ്സൻ പി.കെ. ശ്യാമള, കൗൺസിലർ കെ.പി. ശ്യാമള, ടൂറിസം വകുപ്പ് ജോ. ഡയറക്ടർ അനിതകുമാരി തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.