മാഹി: പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ കൊലചെയ്യപ്പെട്ട സി.പി.എം പള്ളൂർ ലോക്കൽ കമ്മിറ്റി അംഗം കണ്ണിപ്പൊയിൽ ബാബു കുടുംബസഹായ ഫണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. പള്ളൂർ വി.എൻ.പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ബാബുവിെൻറ ഭാര്യ അനിതയും മക്കളും ചേർന്ന് തുക ഏറ്റുവാങ്ങി. മൂന്നുലക്ഷം രൂപവീതം അമ്മക്കും രോഗശയ്യയിലുള്ള സഹോദരനും അഞ്ചുലക്ഷം രൂപവീതം ഭാര്യക്കും മൂന്ന് മക്കൾക്കുമാണ് നൽകിയത്. പാതിവഴിയിൽ നിൽക്കുന്ന ബാബുവിെൻറ വീട് നിർമാണം പാർട്ടി പൂർത്തിയാക്കും. ഇതിനായി 15 ലക്ഷം രൂപ മാറ്റിവെച്ചു. മുസ്ലിംകൾ, ക്രൈസ്തവർ, കമ്യൂണിസ്റ്റുകൾ എന്നീ മൂന്ന് വിഭാഗങ്ങളെ ഇല്ലായ്മചെയ്യാനാണ് ആർ.എസ്.എസ് ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഘ്പരിവാർ ഭീകരതക്ക് തടയിടേണ്ടത് എല്ലാ മതനിരപേക്ഷ കക്ഷികളുടെയും ജനാധിപത്യവിശ്വാസികളുടെയും ആവശ്യമാണ്. എന്നാൽ, കോൺഗ്രസ് എല്ലാക്കാലത്തും സംഘ്പരിവാറിനോട് മൃദുസമീപനമാണ് കൈക്കൊള്ളുന്നത്. കണ്ണിപ്പൊയിൽ ബാബുവിെൻറ കുടുംബത്തെ പാർട്ടി സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ അധ്യക്ഷതവഹിച്ചു. സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കാളിത്തവും ഇല്ലാത്ത കക്ഷിയാണ് ആർ.എസ്.എസ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഫലപ്രദമായി സഹായിച്ചവരാണ് ഇവർ. സി.പി.എം അക്രമത്തെപ്പറ്റി വൻതോതിൽ പ്രചാരവേല ചെയ്യുകയും അതേ സമയം, രാജ്യത്ത് വർഗീയകലാപങ്ങളും ഭീകരപ്രവർത്തനങ്ങളും നടത്തുകയും ചെയ്യുകയാണ് സംഘ്പരിവാറെന്നും പി. ജയരാജൻ ആരോപിച്ചു. എ.എൻ. ഷംസീർ എം.എൽ.എ, ഡോ. വി. രാമചന്ദ്രൻ എം.എൽ.എ, നേതാക്കളായ എം. സുരേന്ദ്രൻ, എം.സി. പവിത്രൻ, പുഞ്ചയിൽ നാണു, സി.കെ. രമേശൻ, പി. ഹരീന്ദ്രൻ, കെ.കെ. പവിത്രൻ, പി.പി. രാമകൃഷ്ണൻ, വടക്കൻ ജനാർദനൻ, ടി.സി. പ്രദീപൻ, കെ.പി. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.