പയ്യന്നൂർ: കല്യാശ്ശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള പ്രകൃതിസംരക്ഷണ പ്രവർത്തനം 'ജീവന'ത്തിന് തിങ്കളാഴ്ച കുഞ്ഞിമംഗലം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമാകുമെന്ന് ടി.വി. രാജേഷ് എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്യും. പ്രകൃതിസംരക്ഷണത്തിനായി അധ്യയനവർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. ഓരോ മാസവും പരിസ്ഥിതിമേഖലയിലെ പ്രമുഖരെ പരിചയപ്പെടുത്തുന്ന പ്രവർത്തന കലണ്ടർ തയാറാക്കിയിട്ടുണ്ട്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ശാസ്ത്ര പ്രചാരണ പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിക്ക് നാലു ലക്ഷം രൂപ ഈ അധ്യയനവർഷത്തേക്ക് അനുവദിച്ചിട്ടുണ്ട്. ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനാണ് നടത്തിപ്പു ചുമതല. സെമിനാറുകൾ, ശിൽപശാലകൾ, സംവാദങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായി നടക്കും. ഇതിനുപുറമെ ചെങ്കൽ- തരിശ് സംരക്ഷണ അതോറിറ്റി രൂപപ്പെടുത്തുന്നതിനുള്ള പരിസ്ഥിതി സഭയും വിഭാവനംചെയ്യുന്നു. ഡോക്യുമെൻററികൾ, ഹ്രസ്വചിത്ര പ്രദർശനങ്ങൾ, ഫോട്ടോപ്രദർശനം, പ്രവൃത്തിപരിചയ മേളകൾ, പരമ്പരാഗത ഗാർഹിക, കാർഷിക ഉപകരണങ്ങളുടെ പ്രദർശനം തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. വാർത്താസമ്മേളനത്തിൽ ഡോ. എം. രാജേന്ദ്രപ്രസാദ്, പി. അബ്ദുല്ല, ഒ. രാമചന്ദ്രൻ, ടി.വി. ചന്ദ്രൻ, കെ. സതീശൻ, കെ.വി. രാജൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.