ബി.ഫാം പരീക്ഷ പൂർത്തിയാകുംമുമ്പ് എം.ഫാം പ്രവേശനം; വിദ്യാർഥികളുടെ ഉപരിപഠനമോഹം പൊലിയുന്നു

രാഘവൻ കടന്നപ്പള്ളി പയ്യന്നൂർ: കേന്ദ്ര പ്രവേശന പരീക്ഷയുടെയും സംസ്ഥാന ഡിഗ്രി പരീക്ഷകളുടെയും സമയക്രമം തമ്മിലുള്ള അന്തരം സംസ്ഥാനത്ത് നൂറുകണക്കിനു വിദ്യാർഥികളുടെ എം.ഫാം പ്രവേശനത്തിന് തിരിച്ചടിയാവുന്നു. എം.ഫാം പ്രവേശന തീയതിക്ക് മുമ്പ് ബി.ഫാം അവസാനവർഷ പരീക്ഷാഫലം പുറത്തുവരാത്തതാണ് പ്രതിസന്ധിയായത്. ഇതുമൂലം സംസ്ഥാനത്തെ വിവിധ സർക്കാർ, സ്വാശ്രയ സ്ഥാപനങ്ങളിലെ എം.ഫാം സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ബി.ഫാം കഴിഞ്ഞ വിദ്യാർഥികൾക്ക് കേന്ദ്ര സർക്കാറി​െൻറ ജി-പാറ്റ് പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചാൽ മാത്രമേ എം.ഫാമിന് ചേരാൻ സാധിക്കൂ. ജി-പാറ്റ് പരീക്ഷ നടത്തി ഈ വർഷത്തെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും പ്രവേശന തീയതി കഴിഞ്ഞ 18ന് അവസാനിക്കുകയും ചെയ്തു. എന്നാൽ, സംസ്ഥാനത്ത് ബി.ഫാം അവസാനവർഷ പ്രാക്ടിക്കൽ പരീക്ഷ ജൂലൈ ആദ്യവാരത്തിൽ നടക്കാനിരിക്കുന്നതേയുള്ളൂ. ഇതാണ് ഉപരിപഠനത്തിന് തടസ്സമാവുന്നത്. കഴിഞ്ഞ എട്ടു മുതൽ 18 വരെയായിരുന്നു എം.ഫാമിന് അപേക്ഷിക്കാനുള്ള തീയതി. ഈ കാലയളവിൽ വളരെക്കുറച്ചു പേർക്ക് മാത്രമാണ് അപേക്ഷ നൽകാനായത്. അതുകൊണ്ടുതന്നെ ഭൂരിഭാഗം സീറ്റുകളും ഒഴിഞ്ഞുകിടക്കാനിടയുണ്ടെന്ന് വിവിധ കോളജ് അധികൃതർ പറയുന്നു. ബി.ഫാം അവസാനവർഷ വിദ്യാർഥികൾക്ക് ജി-പാറ്റ് പരീക്ഷയെഴുതാൻ അനുമതിയുണ്ട്. ഇവർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടാൽ ഉപരിപഠനത്തിന് ചേരാം. എന്നാൽ, ബി.ഫാമിന് ജനറൽ വിഭാഗത്തിൽ മിനിമം 55 ശതമാനവും പട്ടികജാതി-പട്ടികവർഗ വിദ്യാർഥികൾക്ക് 50 ശതമാനവും മാർക്ക് വേണം. ഇത് ലഭിക്കാത്ത പക്ഷം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടാലും എം.ഫാമിന് ചേരാനാവില്ല. മാത്രമല്ല, ബി.ഫാമിന് മുഴുവൻ മാർക്കുവാങ്ങിയാലും ജി-പാറ്റ് റാങ്ക് ലിസ്റ്റിൽ ഇടംകണ്ടില്ലെങ്കിൽ ഉപരിപഠനത്തിന് ചേരാനാവില്ല. നടക്കാനിരിക്കുന്ന ബി.ഫാം പ്രാക്ടിക്കൽ പരീക്ഷ കഴിഞ്ഞ് ഫലം വരാൻ ഒരു മാസമെങ്കിലും വേണം. അതിനാൽ ജി-പാറ്റ് പാസായവർക്കുപോലും കോഴ്സിന് ചേരാനാവുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. കേന്ദ്ര പ്രവേശനപരീക്ഷ തീയതി കണക്കിലെടുത്ത് സംസ്ഥാനത്ത് ബി.ഫാം അവസാനവർഷ പരീക്ഷയുടെയും മൂല്യനിർണയത്തി​െൻറയും സമയക്രമം മാറ്റിനിശ്ചയിക്കണമെന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം. ഈ വിഷയം കഴിഞ്ഞ വർഷം എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി സർക്കാറി​െൻറ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.