മയില്‍പീലി പുരസ്‌കാരം പ്രഖ്യാപിച്ചു

കണ്ണൂര്‍: വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കായി കൃഷ്ണ ജ്വല്‍സ് നല്‍കിവരുന്ന മയില്‍പീലി പുരസ്‌കാരം പ്രഖ്യാപിച്ചു. കണ്ണൂര്‍ ഇൻറര്‍നാഷനല്‍ എയര്‍പോര്‍ട്ട് മാനേജിങ് ഡയറക്ടര്‍ വി. തുളസിദാസ്, സംഗീതജ്ഞന്‍ പണ്ഡിറ്റ് രമേഷ് നാരായണൻ, പ്രമുഖ നര്‍ത്തകിയും കൊറിയോഗ്രാഫറുമായ അശ്വതി ശ്രീകാന്ത് എന്നിവര്‍ക്കാണ് ഇത്തവണത്തെ പുരസ്‌കാരമെന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്‍പേഴ്‌സൻ പ്രഫ. കെ.എ. സരള, കണ്‍വീനര്‍ എ.വി. പവിത്രൻ, കൃഷ്ണ ജ്വല്‍സ് മാനേജിങ് പാര്‍ട്ണര്‍ ഡോ. സി.വി. രവീന്ദ്രനാഥ് എന്നിവര്‍ അറിയിച്ചു. കൃത്യനിര്‍വഹണരംഗത്തെ മികവ് പരിഗണിച്ചാണ് 1972 ഐ.എ.എസ് ബാച്ചിലെ ഓഫിസറായ തുളസിദാസിന് പുരസ്‌കാരം. വിരമിച്ചശേഷവും വിവിധ തുറകളില്‍ സേവനം അനുഷ്ഠിച്ച തുളസിദാസ് മൂന്നാംതവണയാണ് കണ്ണൂര്‍ ഇൻറര്‍നാഷനല്‍ എയര്‍പോര്‍ട്ട് മാനേജിങ് ഡയറക്ടറാകുന്നത്. എയര്‍ ഇന്ത്യ ചെയര്‍മാനും എം.ഡിയുമായും സേവനം അനുഷ്ഠിച്ചു. എയര്‍ഇന്ത്യ എക്‌സ്പ്രസി​െൻറ സ്ഥാപക എം.ഡിയാണ്. ഹിന്ദുസ്ഥാനി സംഗീതത്തിന് കേരളത്തില്‍ പ്രചുരപ്രചാരം നേടിക്കൊടുക്കുന്നതില്‍ നിസ്തുലമായ പങ്കുവഹിച്ച പണ്ഡിറ്റ് രമേഷ് നാരായണന് സമഗ്രസംഭാവനയെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നത്. 30 മണിക്കൂര്‍ നീണ്ട ഹിന്ദുസ്ഥാനി സംഗീത പ്രകടനത്തിലൂടെ ഗിന്നസ്ബുക്കില്‍ ഇടംതേടിയ സംഗീതപ്രതിഭയാണ്. ദക്ഷിണേന്ത്യയില്‍ നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള രമേഷ് നാരായണന്‍ കൂത്തുപറമ്പ് സ്വദേശിയാണ്. പ്രശസ്ത നര്‍ത്തകിയായ അശ്വതി ശ്രീകാന്ത് എം.ടി. വാസുദേവന്‍ നായരുടെ മകളാണ്. അമ്മ കലാമണ്ഡലം സരസ്വതിയില്‍നിന്ന് നൃത്തം അഭ്യസിച്ച അശ്വതി ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയെ ലോകസദസ്സുകളില്‍ നിരവധിതവണ എത്തിച്ച അശ്വതി മികച്ച കൊറിയോഗ്രാഫറുമാണ്. നര്‍ത്തകനായ ഭര്‍ത്താവ് ശ്രീകാന്തുമൊന്നിച്ച് വിവിധ പരിപാടികള്‍ ഇന്ത്യയൊട്ടുക്കും അവതരിപ്പിച്ചിട്ടുണ്ട്. െസപ്റ്റംബര്‍ രണ്ടിന് രാവിലെ 10ന് സാധുകല്യാണമണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.