പയ്യന്നൂർ: ശനിയാഴ്ച പരിയാരം മെഡിക്കൽ കോളജിലേക്ക് നടന്ന കെ.എസ്.യു മാർച്ചിൽ പൊലീസ് നടത്തിയ കണ്ണീർവാതക പ്രയോഗത്തിൽ ദുരിതമനുഭവിച്ച് നാട്ടുകാരും. ആശുപത്രി കവാടത്തിൽ കണ്ണീർവാതകം പ്രയോഗിച്ചപ്പോൾ നിരപരാധികൾ കൂടി ശിക്ഷ ഏറ്റുവാങ്ങി. ആശുപത്രിക്കു സമീപം കണ്ണീർവാതക പ്രയോഗം സാധാരണമല്ല. രോഗികളെ ബാധിക്കുന്നതാണ് കാരണം. രോഗികൾ ഉൾപ്പെടെ ആശുപത്രിയിലേക്കുവരുന്ന പാതയിലാണ് പരിയാരത്ത് ശനിയാഴ്ച വാതകം പ്രയോഗിച്ചത്. ഇതുമൂലം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വാതകം ശ്വസിക്കാനിടയായി. പരിയാരം മെഡിക്കൽ കോളജിന് പ്രത്യേകമായി കവാടമില്ല. ആശുപത്രിക്കും കോളജിനുമായി ഒരു കവാടമാണുള്ളത്. ഈ കവാടത്തിലാണ് കോളജിനെതിരെയുള്ള എല്ലാ സമരങ്ങളും നടക്കാറുള്ളത്. ഇത് ആശുപത്രിയിലേക്കുള്ള പാത തടസ്സപ്പെടാൻ കാരണമാവുന്നു. ഇതും നിയമവ്യവസ്ഥയുടെ ലംഘനമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അതേ സമയം, ശനിയാഴ്ച കണ്ണീർവാതകം നടത്തേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രവർത്തകർ ബാരിക്കേഡ് തള്ളിമാറ്റാൻ തുടങ്ങിയ ഉടൻ ഷെൽ പ്രയോഗിക്കുകയായിരുന്നു. വിരട്ടിയോടിക്കാനുള്ള ശ്രമം നടത്താതെയാണ് ഷെൽ എറിഞ്ഞത്. സാധാരണ ജലപീരങ്കിയാണ് ആശുപത്രികൾക്കു മുന്നിൽ പതിവ്. എന്നാൽ, ശനിയാഴ്ച ജലപീരങ്കി പരിയാരത്ത് ഉണ്ടായിരുന്നില്ല. അതിനിടെ, പ്രകോപനമുണ്ടായിട്ടും പൊലീസ് കൂടുതൽ കടുത്ത നടപടിയെടുക്കാത്തത് ശ്ലാഘനീയമായി. സമരക്കാർ ദേശീയപാതയിലെ വാഹനങ്ങൾ തടഞ്ഞത് വാഹനയാത്രക്കാരെയും ദുരിതത്തിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.