പരിയാരത്ത് കെ.എസ്.യു മാർച്ചിൽ സംഘർഷം

പയ്യന്നൂർ: സർക്കാർ ഏറ്റെടുത്ത പരിയാരം മെഡിക്കൽ കോളജിൽ സ്വാശ്രയരീതിയിൽ പ്രവേശനം നടത്തുന്നതിനെതിരെ കെ.എസ്.യു മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് രണ്ട് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു. മൂന്നു പൊലീസുകാർക്കും കെ.എസ്.യു നേതാവിനും പരിക്കേറ്റു. സിവിൽ പൊലീസ് ഓഫിസർമാരായ പി.എ. പ്രമോദ് (36), എം.ഡി. ജോമോൻ (28), ബൈജു (30) എന്നിവർക്കും കെ.എസ്.യു ജില്ല സെക്രട്ടറി ഫർസാൻ മുണ്ടേരിക്കുമാണ് (21) പരിക്കേറ്റത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഉച്ച 12ഒാടെ ഔഷധി കേന്ദ്രത്തിനു സമീപത്തുനിന്നാരാംഭിച്ച മാർച്ച് കോളജ് കവാടത്തിൽ പയ്യന്നൂർ സി.ഐ വിനോദ് കുമാറി​െൻറ നേതൃത്വത്തിൽ തടഞ്ഞു. തുടർന്ന് സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് ഉദ്ഘാടനപ്രസംഗം നടത്തവെ ഒരുവിഭാഗം പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി മുദ്രാവാക്യം മുഴക്കുകയും മറിച്ചിടാൻ ശ്രമിക്കുകയുംചെയ്തു. ഇതിനിടെ പൊലീസിനു നേരെ കല്ലേറുമുണ്ടായി. കൊടി കെട്ടിയ പൈപ്പുകൾ പൊലീസിനെതിരെ വലിച്ചെറിയുകയുംചെയ്തു. ഇതോടെയാണ് പൊലീസ് കണ്ണീർവാതക പ്രയോഗം നടത്തിയത്. ഇതിനുശേഷം പ്രകോപിതരായ പ്രവർത്തകർ ദേശീയപാതയിലെത്തി വാഹനങ്ങൾ തടയുകയും കെ.എസ്.ആർ.ടി.സി ഡ്രൈവറെ െകെയേറ്റംചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ പൊലീസെത്തി പ്രവർത്തകരെ വിരട്ടി ഓടിക്കുകയായിരുന്നു. മാർച്ച് സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് ഉദ്ഘാടനംചെയ്തു. പിണറായി സർക്കാർ സ്വശ്രയ കോളജ് മാനേജ്മ​െൻറിന് വിടുപണി ചെയ്യുകയാണെന്ന് അഭിജിത് പറഞ്ഞു. ജില്ല പ്രസിഡൻറ് പി. മുഹമ്മദ് ഷമ്മാസ് അധ്യക്ഷതവഹിച്ചു. റിജിൽ മാക്കുറ്റി, സി.പി. അബ്ദുൽ റഷീദ്, വി.കെ. അതുൽ, സുധീപ് ജെയിംസ്, എം.കെ. വരുൺ, മാത്യു കെ. ജോൺ, ഷിബിൻ ഷിബു, ഫർസിൻ മജീദ്, വി. രാഹുൽ, സി.ടി. അഭിജിത്ത്, ഫർഹാൻ മുണ്ടേരി, അൻസിൽ വാഴപള്ളിൽ, നവനീത് നാരായണൻ, അശ്വതി ലിജു, ധനുഷ സന്തോഷ്, എ.വി. സനൽ തുടങ്ങിയവർ സംസാരിച്ചു. വി.കെ. റനീസ്, ഹരികൃഷ്ണൻ പാലാട്, സായന്ത് പാനൂർ, നിധിൻ ചാവശ്ശേരി, അക്ഷയ് തലശ്ശേരി, സുധീഷ് കുന്നോത്ത്, തോംസൺ ബെന്നി, ഇർഫാൻ ചേനോത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.