കാസർകോട്: ജില്ലയിൽ വിവിധ ഭാഗങ്ങളിലെ വീടുകളിൽ ദുരൂഹ സാഹചര്യത്തിൽ സ്റ്റിക്കറുകൾ പതിച്ചതായി കണ്ടെത്തി. കാസർകോട്, കാഞ്ഞങ്ങാട് പൊലീസ് സബ്ഡിവിഷൻ പരിധിയിലെ വീടുകളിലാണ് സ്റ്റിക്കർ പതിച്ചത്. കാസർകോട് തളങ്കര ഹൊന്നമൂല, നെല്ലിക്കുന്ന് ജുമാമസ്ജിദ് പരിസരം, ബേവിഞ്ച, മൊഗ്രാല്‍ യുനാനി ആശുപത്രി പരിസരം, കാഞ്ഞങ്ങാട് കൊളവയൽ, കല്ലൂരാവി, നീലേശ്വരം പള്ളിക്കര എന്നിവിടങ്ങളിലെ വീടുകളിലാണ് ജനാലകളിൽ സ്റ്റിക്കർ പതിച്ചത്. ഇൻസുലേഷൻ ടേപ്പ് േപാലുള്ള കറുത്ത സ്റ്റിക്കറുകളാണിവ. ഹൊന്നമൂലയിലെ പാണലം നൂറുദ്ദീെൻറ വീട്ടിലെ ജനാലയില്‍ സ്റ്റാമ്പ് വലുപ്പത്തിലുള്ള രണ്ട് കറുത്ത സ്റ്റിക്കറുകള്‍ ഒട്ടിച്ചിട്ടുണ്ട്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം ഇവ നീക്കം ചെയ്തു. സ്റ്റിക്കറുകൾക്ക് എട്ട് ദിവസത്തോളം പഴക്കമുള്ളതായി പൊലീസ് പറയുന്നു. അടയാളമിട്ടതായി കണ്ടെത്തിയ വീടുകളിൽ ചിലത് പ്രായമേറിയവർ മാത്രം താമസിക്കുന്നതും മറ്റു ചിലത് സ്ത്രീകളും ചെറിയ കുട്ടികളും മാത്രം താമസിക്കുന്നതുമാണ്. കല്ലൂരാവിയിലെ 36-ാം വാര്‍ഡ് കൗൺസിലർ സക്കീന കല്ലൂരാവി, റസാഖ് സഅദി, ഉമൈമ എന്നിവരുടെ വീടുകളുടെ ജനൽചില്ലുകളിലാണ് 12, 16 എന്നീ അക്കങ്ങളിലുള്ള സ്റ്റിക്കറൊട്ടിച്ചത്. വിവരമറിഞ്ഞ് േഹാസ്ദുര്‍ഗ് െപാലീസ് സ്ഥലത്തെത്തി സ്റ്റിക്കര്‍ പറിച്ചെടുത്ത് കൊണ്ടുപോയി. നീലേശ്വരം പള്ളിക്കര കറുത്തഗേറ്റിലെ അഞ്ചു വീടുകളില്‍ വെളുത്ത സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. രജിത, രാജീവന്‍, കമലാക്ഷന്‍ എന്നിവരുടെയും മറ്റു രണ്ടുപേരുടെയും വീടുകളിലാണ് സ്റ്റിക്കര്‍ പതിച്ചത്. തിങ്കളാഴ്ച കൊളവയലിലെ സക്കീനയുടെ വീട്ടിലും കറുത്ത സ്റ്റിക്കർ പതിച്ചത് കണ്ടെത്തിയിരുന്നു. സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അന്വേഷിച്ചുവരുകയാണെന്നും കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ. ദാമോദരൻ 'മാധ്യമ'ത്തോട് പറഞ്ഞു. കവർച്ചയോ മറ്റെന്തെങ്കിലും ദുരുദ്ദേശ്യമോ നടപ്പാക്കാൻ ലക്ഷ്യമിട്ട സംഘം വീടുകൾ നിരീക്ഷിച്ചശേഷം അടയാളം പതിച്ചതാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ സമാന രീതിയിലുള്ള സ്റ്റിക്കറുകൾ കണ്ടതായി വിവരം ലഭിച്ചതോടെ ആളുകൾ പരിഭ്രാന്തിയിലാണ്. വിഷയം പൊലീസ് ഗൗരവത്തിലെടുത്ത് നിരീക്ഷണമാരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.