കാസർകോട്: ബളാൽ പഞ്ചായത്തിലെ 18ഓളം പട്ടികജാതി കുടുംബങ്ങൾ പട്ടയം കിട്ടാതെ ദുരിതമനുഭവിക്കുന്നു. മാലോം വില്ലേജിൽ നമ്പ്യാർമല 147/7 എ സർവേ നമ്പറിൽപെട്ടവരാണ് വർഷങ്ങളായി പട്ടയത്തിനുവേണ്ടി സർക്കാർ ഓഫിസുകൾ കയറിയിറങ്ങുന്നത്. ഭൂവുടമയായിരുന്ന കോടോത്ത് നാരായണൻ നമ്പ്യാർ മിച്ചഭൂമിയായി കൊടുത്ത ഭൂമിയിലാണ് ഇവർ കഴിയുന്നത്. മണിയറവീട്ടിൽ രമേശൻ (70 സെൻറ്), താഴത്തുവീട്ടിൽ രാധാഗോപി (50 സെൻറ് ), മണിയറ മനു (50 സെൻറ്), മണിയറ രാമൻ (70 സെൻറ്), പുന്നാട്ട് ഭാസ്കരൻ (ഒരേക്കർ), നാരായണൻ താഴത്തുവീട് (75 സെൻറ്), ശാരദ പുന്നാട്ട് (77 സെൻറ്), സിന്ധുരാജു തുരുത്തിൽ (95 സെൻറ്), രജനി രാജു താഴത്തുവീട്ടിൽ (95 സെൻറ്), സജി താഴത്തുവീട്ടിൽ (75 സെൻറ്), ലക്ഷ്മി കൊല്ലിക്കര (75 സെൻറ്), തോമസ് തരമ്പിൽ (ഒരേക്കർ), തങ്കമ്മ ജോസ് (ഒരേക്കർ), ബിജു മണിയറ (40 സെൻറ്) എന്നിങ്ങനെ 18 കുടുംബങ്ങളാണ് കൈവശഭൂമിക്ക് പട്ടയം കാത്തിരിക്കുന്നത്. റവന്യൂ അധികൃതർക്ക് നിരവധിതവണ അപേക്ഷ നൽകിയിട്ടും പരിഹാരമുണ്ടായില്ല. 2007ൽ മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ അപേക്ഷ നൽകിയതിനെ തുടർന്ന് വില്ലേജ് ഒാഫിസർ രണ്ടു മാസത്തിനകം പട്ടയം നൽകുമെന്ന് മറുപടിയുണ്ടായെങ്കിലും നൽകിയില്ല. രണ്ടുമാസം മുമ്പ് കലക്ടറുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസിൽ നടത്തിയ അദാലത്തിൽ കലക്ടർ വില്ലേജ് ഓഫിസറോട് വിശദീകരണം ആവശ്യപ്പെട്ടപ്പോൾ മിച്ചഭൂമി രണ്ടു ജന്മിമാരുടെ പേരിലായതാണ് പട്ടയം നൽകുന്നതിന് തടസ്സമെന്നായിരുന്നു മറുപടി. പ്രശ്നത്തിന് എത്രയുംവേഗം പരിഹാരമുണ്ടാക്കാൻ നിർദേശം നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. ഇവിടെ താമസിക്കുന്ന ആർക്കും അടച്ചുറപ്പുള്ള വീടുപോലുമില്ല. ഭൂമിക്ക് രേഖയില്ലാത്തതിനാൽ വീട് നിർമിക്കാനോ കാർഷികാവശ്യത്തിനും വിദ്യാഭ്യാസത്തിനും വായ്പയെടുക്കാനോ കഴിയുന്നില്ല. സമീപത്തെ എടക്കാനം, കണ്ണീർവാടി കോളനികളിലും നിരവധി കുടുംബങ്ങൾ വർഷങ്ങളായി പട്ടയത്തിന് കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.