ജില്ല പഞ്ചായത്ത് വാര്‍ഷിക പദ്ധതി: ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക മേഖലകളില്‍ ആധുനിക സംവിധാനങ്ങള്‍ക്ക് ഊന്നല്‍

കണ്ണൂർ: ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക മേഖലകളില്‍ ആധുനികമായ സാങ്കേതിക വിദ്യകളും സംവിധാനങ്ങളും സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളാണ് വാർഷിക പദ്ധതിയുടെ ഭാഗമായി ആലോചിക്കുന്നതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. ജില്ല പഞ്ചായത്തി​െൻറ അടുത്ത വര്‍ഷത്തെ പദ്ധതി രൂപവത്കരണത്തി​െൻറ ഭാഗമായ വര്‍ക്കിങ് ഗ്രൂപ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഹരിതകേരളം, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ മിഷനുകളുമായി ചേര്‍ന്ന് ഈ രംഗങ്ങളില്‍ മികച്ച മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയുന്ന പദ്ധതി നിര്‍ദേശങ്ങളാവണം പരിഗണിക്കേണ്ടത്. ജില്ലയില്‍ മികച്ച രീതിയില്‍ നടന്നുവരുന്ന ജലസംരക്ഷണ-മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ സുസ്ഥിരമാക്കാനും കൂടുതല്‍ ശക്തമാക്കാനുമുള്ള പരിപാടികളും പുതിയ പദ്ധതിയുടെ ഭാഗമായി ഉണ്ടാവണം. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും സമാന പദ്ധതികള്‍ ഐക്യരൂപത്തോെട നടപ്പാക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നത് നന്നാവും. കൂടുതല്‍ ഏകോപന സാധ്യതയും ആരായേണ്ടതുണ്ട്. ഈ സമീപനത്തോടെ ജില്ലയുടെ മുന്നേറ്റത്തിന് ഉതകുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കാനും അവ നടപ്പാക്കാനും എല്ലാവരുടെയും പിന്തുണ പ്രസിഡൻറ് അഭ്യര്‍ഥിച്ചു. യോഗത്തിൽ വൈസ് പ്രസിഡൻറ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ല ആസൂത്രണ സമിതി അംഗം കെ.വി. ഗോവിന്ദന്‍ ചര്‍ച്ചക്കുള്ള മാര്‍ഗരേഖ അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ.പി. ജയബാലന്‍, ടി.ടി. റംല, കെ. ശോഭ, വി.കെ. സുരേഷ്ബാബു, സെക്രട്ടറി വി. ചന്ദ്രന്‍, ജില്ല പഞ്ചായത്തംഗങ്ങള്‍, വിവിധ വര്‍ക്കിങ് ഗ്രൂപ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.