കണ്ണൂർ: ജില്ല സീനിയർ ഡിവിഷൻ ഫുട്ബാൾ ലീഗിൽ കണ്ണൂർ എസ്.എൻ കോളജ് ചാമ്പ്യന്മാരായി. വെള്ളിയാഴ്ച നടന്ന നിർണായക മത്സരത്തിൽ ജിംഖാനയെ പയ്യന്നൂർ കോളജ് പരാജയപ്പെടുത്തിയതോടെയാണ് ഒരു കളി ബാക്കിനിൽക്കെതന്നെ എസ്.എൻ കോളജിന് കിരീടം ഉറപ്പായത്. ആറ് കളികളിൽനിന്ന് 15 പോയൻറാണ് എസ്.എൻ കോളജിെൻറ സമ്പാദ്യം. 13 പോയൻറുള്ള ജിംഖാന ഇന്നലെ വിജയിച്ചിരുന്നുവെങ്കിൽ അവർക്ക് 16 പോയൻറാകുമായിരുന്നു. അങ്ങനെയെങ്കിൽ ഇന്ന് ജില്ല പൊലീസുമായി നടക്കുന്ന മത്സരത്തിൽ എസ്.എൻ കോളജിന് വിജയം അനിവാര്യമായിരുന്നു. എന്നാൽ, നിലവിലെ ചാമ്പ്യന്മാരായ ജിംഖാനയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പയ്യന്നൂർ കോളജ് തകർത്തതോടെ എസ്.എൻ കോളജിന് ആശ്വാസ നിമിഷമായി. ഇന്നലത്തെ മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് പയ്യന്നൂർ കോളജ് ജിംഖാനയെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ അവസരങ്ങൾ കളഞ്ഞുകുളിക്കുന്നതിൽ മത്സരിക്കുകയായിരുന്ന പയ്യന്നൂർ കോളജ് രണ്ടാം പകുതി ഗോൾമേളയാക്കി. 13ാം മിനിറ്റിൽ ഗോൾ നേടി അസ്ഫാർ പയ്യന്നൂരിനെ മുന്നിലെത്തിച്ചു. ഇതിനുശേഷം നിരവധി തുറന്ന അവസരങ്ങൾ ലഭിച്ചുവെങ്കിലും പയ്യന്നൂരിന് ആദ്യ പകുതിയിൽ ഗോൾനേടാൻ കഴിഞ്ഞില്ല. 37ാം മിനിറ്റിൽ കിട്ടിയ അവസരം ഗോളാക്കി ഷമിൽ ജിംഖാനയെ ഒപ്പമെത്തിക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ 57, 71 മിനിറ്റുകളിൽ സനൽരാജും 59, 83 മിനിറ്റുകളിൽ ഹാരിസും ഗോളുകൾ നേടിയതോടെ ജിംഖാന തകരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.