സുരക്ഷാഭീഷണി; ഇതരസംസ്​ഥാന തൊഴിലാളികൾക്ക്​ കുടിയേറ്റ രജിസ്​റ്റർ ഏർപ്പെടുത്താൻ ശിപാർശ

കണ്ണൂർ: സംസ്ഥാനത്തുള്ള ഇതരസംസ്ഥാന തൊഴിലാളികൾക്ക് കുടിയേറ്റ രജിസ്റ്റർ ഏർപ്പെടുത്തണമെന്ന് സർക്കാറിന് പൊലീസി​െൻറ ശിപാർശ. ഇതുസംബന്ധിച്ച് നിർദേശം സർക്കാറിന് മുന്നിൽവെച്ചിട്ടുണ്ടെന്നും തുടർനടപടികൾ പ്രതീക്ഷിക്കുന്നതായും ഉത്തരമേഖല ഡി.ജി.പി രാജേഷ് ധിവാൻ പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം എല്ലാ ജില്ലകളിലും കൂടിയിട്ടുണ്ട്. അത്തരക്കാർ ഉൾപ്പെട്ട കുറ്റകൃത്യങ്ങളുടെ എണ്ണവും പെരുകുന്നുണ്ട്. കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂർ ജിഷ കേസ് അന്വേഷണ അനുഭവത്തി​െൻറ പശ്ചാത്തലത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട കേസുകളുടെ കാര്യത്തിൽ പൊലീസ് നേരിടുന്ന പ്രയാസങ്ങളും ചൂണ്ടിക്കാട്ടിയാണ് കുടിയേറ്റ രജിസ്റ്റർപോലുള്ള സംവിധാനം വേണമെന്ന ആവശ്യം പൊലീസ് മുന്നോട്ടുവെക്കുന്നത്. നിലവിൽ സംസ്ഥാനത്തുള്ള ഇതരസംസ്ഥാന തൊഴിലാളികളെക്കുറിച്ച് ആരുടെ പക്കലും കാര്യമായ വിവരങ്ങളില്ല. തിരിച്ചറിയൽ രേഖ പോലുമില്ലാത്തവരാണ് പലരും. കരാറുകാർ കൊണ്ടുവന്ന് കൂട്ടത്തോടെ പാർപ്പിച്ചവർക്കുപോലും പരസ്പരം അറിയില്ല. ഇതരസംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട് ലഹരിമാഫിയയുടെ കണ്ണികളും പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ മാസങ്ങളിൽ പിടികൂടിയ കഞ്ചാവ്, മയക്കുമരുന്ന് കടത്ത് കണ്ണികളിൽ വലിയൊരു പങ്ക് ഇതരസംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ടവരാണ്. ഇത് വലിയൊരു സുരക്ഷാഭീഷണിയായി വളരുകയാണ്. ഇൗ സാഹചര്യത്തിൽ സംസ്ഥാനത്തിന് പുറത്തുനിന്ന് തൊഴിലെടുക്കാനെത്തുന്നവരുടെ വിവരം പൊലീസിന് ലഭ്യമാക്കാൻ സംവിധാനം അനിവാര്യമാണെന്നാണ് പൊലീസി​െൻറ ശിപാർശ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.