തളിപ്പറമ്പ്: കടകളിൽനിന്ന് നഗരസഭ അധികൃതർ അനധികൃത പ്ലാസ്റ്റിക് സഞ്ചികൾ പിടിച്ചെടുത്തു തുടങ്ങി. ഇതിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്തെത്തിയത് നഗരത്തിൽ ഏറെനേരം തർക്കത്തിനിടയാക്കി. തിങ്കളാഴ്ച ഉച്ച 12 മണിയോടെയാണ് മെയിൻറോഡിൽനിന്ന് മാർക്കറ്റ് റോഡിലേക്കുള്ള കടകളിൽ നഗരസഭ അധികൃതർ റെയ്ഡ് നടത്തിയത്. ഇതിൽ ഒരു കടയിൽനിന്ന് പ്ലാസ്റ്റിക് സഞ്ചികൾ പിടിച്ചെടുക്കുകയും ചെയ്തു. പ്ലാസ്റ്റിക് സഞ്ചികൾ നഗരസഭയുടെ വണ്ടിയിൽ കയറ്റിയതോടെ ചില വ്യാപാരികളെത്തി അവ തിരികെയെടുത്തു. ഇതോടെ പ്ലാസ്റ്റിക് സഞ്ചികൾക്കായുള്ള റെയ്ഡിനെ ചൊല്ലി ഉദ്യോഗസ്ഥരും വ്യാപാരികളും തമ്മിൽ തർക്കം ഉടലെടുത്തു. വിവരമറിഞ്ഞ് എസ്.എച്ച്.ഒ പി.കെ. സുധാകരൻ, എസ്.ഐ പി.എ. ബിനുമോഹൻ എന്നിവർ സ്ഥലത്തെത്തി. ഇവർ വ്യാപാരി നേതാക്കളുമായി ചർച്ചനടത്തി തർക്കം രമ്യമായി പരിഹരിച്ചു. ജില്ല കലക്ടറുടെ നിർദേശപ്രകാരമാണ് പ്ലാസ്റ്റിക് സഞ്ചികൾ ഒഴിവാക്കാനായി റെയ്ഡ് നടത്തുന്നതെന്ന കാര്യം പൊലീസ് വ്യാപാരികളെ ബോധിപ്പിച്ചു. അതിനിടെ കടകളിലെ സാധനങ്ങൾ ഓവുചാൽ സ്ലാബിന് പുറത്തുവെച്ച് കച്ചവടം നടത്തുന്നത് മൂലം വാഹനങ്ങൾക്ക് തടസ്സമാകുന്നത് പൊലീസിെൻറ ശ്രദ്ധയിൽപെട്ടു. തുടർന്ന് എസ്.ഐ ഇതുമാറ്റാൻ വ്യാപാരികളോട് ആവശ്യപ്പെട്ടെങ്കിലും നീക്കാൻ വ്യാപാരികൾ തയാറായില്ല. അടുത്തദിവസത്തിനകം വ്യാപാരികൾ ഓവുചാലിന് മുകളിൽ സാധനങ്ങൾ നിരത്തിയുള്ള കച്ചവടം അവസാനിപ്പിച്ചില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.