സീബ്ര വരകളില്ല; തലശ്ശേരിയിൽ കാൽനടക്കാർക്ക്​ ദുരിതം

തലശ്ശേരി: നഗരത്തിലെ തിരക്കേറിയ കവലകളിൽ സീബ്ര ലൈന്‍ ഇല്ലാത്തത് കാൽനട യാത്രക്കാർക്ക് ദുരിതമാകുന്നു. പുതിയ ബസ്സ്റ്റാൻഡ് ക്ലോക്ക്ടവര്‍ പരിസരത്തും കോടതിറോഡിൽ സബ് ട്രഷറിക്ക് സമീപത്തും റോഡ് മുറിച്ചുകടക്കുന്നവർ അപകടമേൽക്കാതെ രക്ഷപ്പെടുന്നത് ഭാഗ്യംകൊണ്ടുമാത്രം. തലങ്ങും വിലങ്ങുമായി പാഞ്ഞുവരുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ജീവന്‍ പണയംവെച്ചാണ് യാത്രക്കാര്‍ പോവുന്നത്. ടൗൺഹാൾ പരിസരത്തെ സ്വകാര്യ കോളജിൽ പഠിക്കുന്ന കുട്ടികളും റെയിൽവേ സ്റ്റേഷനിലേക്ക് േപാകേണ്ട യാത്രക്കാരും പച്ചക്കറി മാര്‍ക്കറ്റിലേക്ക് പോകുന്നവരും പുതിയ ബസ്സ്റ്റാൻഡിൽ ബസിറങ്ങി ക്ലോക്ക്ടവര്‍ ജങ്ഷനിൽനിന്ന് റോഡ് മുറിച്ചുകടന്നുവേണം പോകാൻ. നൂറുകണക്കിന് വിദ്യാർഥികൾ രാവിലെയും ഉച്ചക്കും വൈകീട്ടുമായി കോളജിലേക്ക് പോകുന്നുണ്ട്. രാവിലെയും വൈകീട്ടുമാണ് ഇവിടെ കൂടുതൽ തിരക്കനുഭവപ്പെടുന്നത്. ഇവിടെ ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് പൊലീസും രംഗത്തുണ്ടാകാറില്ല. പുതിയ ബസ്സ്റ്റാൻഡിലെ ലാവണ്യ കോംപ്ലക്‌സിന് മുന്നിലും സീബ്ര ലൈന്‍ ഇല്ലാത്തതിനാൽ അപകടസാധ്യത ഏറെയാണ്. പഴയ ബസ്സ്റ്റാൻഡിലും ഇതുതന്നെയാണ് സ്ഥിതി. അഞ്ച് ഹയർസെക്കൻഡറി സ്കൂളുകളും നിരവധി സർക്കാർ ഒാഫിസുകളും ആശുപത്രിയുമുൾപ്പെടെ സ്ഥാപനങ്ങളിൽ പോകേണ്ട കാൽനടക്കാർക്ക് ഇവിടെയും സുരക്ഷിതമായി സഞ്ചരിക്കാനുള്ള സൗകര്യം അധികൃതർ ഒരുക്കിയിട്ടില്ല. ട്രാഫിക് പൊലീസ് യൂനിറ്റിന് മുന്നിലെ കവലയില്‍നിന്നും മത്സ്യമാർക്കറ്റിലേക്കും ആശുപത്രിയിലും ഹാർബർ സിറ്റി കോംപ്ലക്സിലേക്കും പോകേണ്ടവരും റോഡ് മുറിച്ചുകടക്കാൻ ബുദ്ധിമുട്ടുകയാണ്. നഗരവീഥികളിൽ എവിടെയും ചീറിവരുന്ന വാഹനങ്ങൾക്കിടയിൽനിന്ന് മറുഭാഗത്ത് സുരക്ഷിതമായി കടക്കണമെങ്കിൽ സീബ്ര വരകൾ നിർബന്ധമാണ്. േനരേത്ത വിവിധ സംഘടനകളുടെ സഹകരണത്തോടെ പ്രധാന കവലകളിൽ വരഞ്ഞെതല്ലാം മാഞ്ഞുേപായനിലയിലാണ്. കൊടുവള്ളി കവലയിൽ ഗതാഗതക്കുരുക്ക് മുറുകുേമ്പാൾ അലക്ഷ്യമായാണ് ബസുകളുടെ ഒാട്ടം. എന്നാൽ, തിരക്കുള്ള സമയങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് പൊലീസിനെ മഷിയിട്ട് നോക്കിയാൽപോലും നഗരത്തിൽ കാണില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.