കാസര്‍കോട്: ജില്ല പഞ്ചായത്ത് വികസന സെമിനാറിൽ ബി.ജെ.പി ജനപ്രതിനിധികൾ കണ്ണുകെട്ടി പ്രതിഷേധിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗത്തിനേര്‍പ്പെടുത്തിയ ട്രഷറി നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ സെമിനാർ ഉദ്ഘാടനംചെയ്തുകൊണ്ടിരിക്കെ കറുത്ത തുണികൊണ്ട് കണ്ണ് മൂടിക്കെട്ടി യോഗഹാളിൽ പിറകിൽ നിലയുറപ്പിക്കുകയായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന പ്രകാരം നൽകുന്ന ഫണ്ട് തടയാൻ സർക്കാറിന് അവകാശമില്ലെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. ശ്രീകാന്ത് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരത്തിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കൈകടത്തലാണിതെന്നും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും നേതാക്കൾ പറഞ്ഞു. പ്രതിഷേധസമരത്തില്‍ മധൂര്‍ പഞ്ചായത്ത് പ്രസിഡൻറ് മാലതി സുരേഷ്, കാറഡുക്ക പഞ്ചായത്ത് പ്രസിഡൻറ് ജി. സ്വപ്ന, എന്‍മകജെ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. ഉദയൻ, പഞ്ചായത്തംഗം സതീഷ് കുളാല്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.