കുട്ടികളെ സ്കൂളിൽ പറഞ്ഞുവിടാത്ത രക്ഷിതാക്കളെ കുറ്റവാളികളുടെ പട്ടികയിൽപെടുത്തുന്ന സംസ്ഥാനമായി കേരളം മാറി -കടകംപള്ളി സുരേന്ദ്രൻ ചെറുകുന്ന്: കുട്ടികളെ സ്കൂളിൽ പറഞ്ഞുവിടാത്ത രക്ഷിതാക്കളെ കുറ്റവാളികളുടെ പട്ടികയിൽപെടുത്തുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചെറുകുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി സ്മാരക കെട്ടിടം ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒരു ക്ലാസില്‍ 40 കുട്ടികളുണ്ടെങ്കിൽ എല്ലാവരെയും മിടുക്കന്മാരായി കാണാൻ അധ്യാപകർക്ക് കഴിയണം. ഓരോ കുട്ടിക്കും ഓരോ കഴിവുണ്ട്. അത് തിരിച്ചറിയാൻ കഴിയുന്നവരാണ് മാതൃകാധ്യാപകർ. സർക്കാർ സ്കൂളിലെ അധ്യാപകർ മികച്ചവരാണ്. പുതിയ കാലത്തെ വിദ്യാഭ്യാസം കുട്ടികളിൽ എത്തിക്കാൻ അധ്യാപകർക്ക് കഴിയണം. നല്ല വിദ്യാഭ്യാസത്തിലൂടെ മാത്രമേ മെച്ചപ്പെട്ട ജീവിതത്തിലേക്ക് ഇന്നത്തെ തലമുറയെ നയിക്കാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. 2.12 കോടി ചെലവഴിച്ചാണ് സ്കൂളിൽ പുതിയ കെട്ടിടം നിർമിക്കുന്നത്. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, മെംബർ പി.പി. ഷാജിർ, കണ്ണപുരം പഞ്ചായത്ത് പ്രസിഡൻറ് കെ.വി. രാമകൃഷ്ണൻ, ചെറുകുന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. അസൻ കുഞ്ഞി, സ്കൂള്‍ പ്രിൻസിപ്പൽ കെ.പി. ഷീല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.