കണ്ണൂർ: പരമ്പരാഗത നാടോടി അനുഷ്ഠാന കലകളുടെ പ്രോത്സാഹനത്തിനും സംരക്ഷണത്തിനുമായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 'ഉത്സവം' പരിപാടിയുടെ 10ാം പതിപ്പ് കണ്ണൂർ ടൗൺ സ്ക്വയറിൽ തുടങ്ങി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്തെ അഭ്യസ്തവിദ്യർക്ക് പ്രവാസികളുടെ സഹായത്തോടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രദേശവാസികൾക്ക് മുഖ്യ വരുമാനം ലഭിക്കാനുള്ള മാർഗമാക്കി ടൂറിസത്തെ മാറ്റാനാണ് പദ്ധതി. ഒരു വർഷത്തിനുള്ളിൽ വടക്കൻ മലബാറിെൻറ ടൂറിസം വികസനത്തിന് 600 കോടിയോളം രൂപയുടെ പദ്ധതികൾക്ക് ടൂറിസം വകുപ്പ് രൂപം നൽകിയിട്ടുണ്ട്. മലബാറിനെ ലോക ടൂറിസം ഭൂപടത്തിൽ ശ്രദ്ധേയ സ്ഥാനത്തെത്തിക്കാനാണ് ശ്രമം. കണ്ണൂർ രാജ്യാന്തര വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ വടക്കൻ കേരളത്തിെൻറ ടൂറിസം സാധ്യതകൾ വർധിക്കുമെന്നതുകൂടി കണക്കിലെടുത്താണ് മലബാറിലെ ടൂറിസം പദ്ധതികൾ ആവിഷ്‌കരിക്കുന്നത് -മന്ത്രി കൂട്ടിച്ചേർത്തു. പൈതൃക കലകൾ അവതരിപ്പിക്കുന്ന പി.പി. കുഞ്ഞിരാമ പെരുവണ്ണാൻ (തെയ്യം), പി.കെ. കരിയൻ (ഗദ്ദിക), കെ. നാണു (പൂരക്കളി), കെ. ശിവകുമാർ (ചരടുകുത്തി കോൽക്കളി), ശശി ജനകല (മുളവാദ്യം), ഷീബ കൃഷ്ണകുമാർ (അഷ്ടപദിയാട്ടം), ബ്രിട്ടോ വിൻസെൻറ് (ചവിട്ടുനാടകം), പ്രബലകുമാരി (കാക്കാരശ്ശി നാടകം), ലത നമ്പൂതിരി (തിരുവാതിരക്കളി), തങ്കസ്വാമി (പാക്കനാട്ടം) എന്നീ 10 ആചാര്യന്മാരെ 15,000 രൂപയും ഫലകവും നൽകി മന്ത്രി ആദരിച്ചു. തുടർന്ന് 20 വ്യത്യസ്തമായ കേരളീയ പാരമ്പര്യ അനുഷ്ഠാന കലകൾ കോർത്തിണക്കി 264 കലകാരന്മാർ അണിനിരന്ന് കേരള ഫോക്‌ലോർ അക്കാദമിയുടെ ആഭിമുഖ്യത്തിൽ 'നവധ്വനി' സ്‌പെഷൽ കോറിയോഗ്രഫി അരങ്ങേറി. ഇത്തവണ സംസ്ഥാനത്തെ 28 വേദികളിലായാണ് ജനുവരി 12 വരെ ഉത്സവം അരങ്ങേറുക. കണ്ണൂരിൽ ടൗൺ സ്‌ക്വയറിലും പയ്യാമ്പലം ബീച്ചിലുമാണ് 'ഉത്സവം' നാടൻകലാ പരിപാടികൾ അരങ്ങേറുക. ഞായറാഴ്ച വൈകീട്ട് ടൗൺ സ്‌ക്വയറിൽ വേലകളി, നാടൻ വാദ്യം, പയ്യാമ്പലം ബീച്ചിൽ ചവിട്ടുനാടകം എന്നിവ അരങ്ങേറും. തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപറേഷൻ മേയർ ഇ.പി. ലത മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. ഹാബിസ്, കോർപേറഷൻ കൗൺസിലർമാരായ ലിഷ ദീപക്, ഒ. രാധ, ഫോക്ലോർ അക്കാദമി ചെയർമാൻ സി.ജെ. കുട്ടപ്പൻ, സെക്രട്ടറി കീച്ചേരി രാഘവൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ടൂറിസം സെക്രട്ടറി റാണി ജോർജ് സ്വാഗതവും ജില്ല കലക്ടർ മിർ മുഹമ്മദലി നന്ദിയും പറഞ്ഞു. പൈതൃക ടൂറിസം പദ്ധതിയിൽ കണ്ണൂരിനെ കൂടി ഉൾപ്പെടുത്തും കണ്ണൂർ: പൈതൃക ടൂറിസം പദ്ധതിയിൽ കണ്ണൂരിനെകൂടി ഉൾപ്പെടുത്താൻ ആലോചിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കണ്ണൂരിെൻറ ചരിത്രവും പാരമ്പര്യവും പൈതൃകവും വിളിച്ചോതുന്ന, കണ്ണൂർ നഗരത്തിെൻറ വികസനത്തിന് കാരണമാകുന്ന ബൃഹദ് പദ്ധതിയായിരിക്കും ഇത്. പൈതൃക സംരക്ഷണ പദ്ധതി തലശ്ശേരിയിൽ മാത്രം ഒതുക്കിനിർത്താൻ സർക്കാർ ആഗ്രഹിക്കുന്നില്ല. തലശ്ശേരി പൈതൃക സംരക്ഷണ പദ്ധതിയുടെ ആദ്യഘട്ടത്തിലെ നാല് പദ്ധതികൾക്ക് സർക്കാർ അനുമതി നൽകിക്കഴിഞ്ഞു. ജില്ലയുടെ പല ഭാഗത്തും പൈതൃക പ്രാധാന്യമുള്ള ധാരാളം ശേഷിപ്പുണ്ട്. ഇവ നവീകരിച്ച് ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനുള്ള പദ്ധതി സർക്കാർ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.