ഇരിട്ടി: വൈക്കോൽ കയറ്റിവരുകയായിരുന്ന ലോറി വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ച് കത്തിനശിച്ചു. നെല്ലിക്കാംപൊയിൽ സ്വദേശി സോജെൻറ ലോറിക്കാണ് തീപിടിച്ചത്. ഉളിക്കലിന് സമീപം നെല്ലിക്കാംപൊയിൽ ചുള്ളിയോട് റോഡിൽ ശനിയാഴ്ച വൈകീട്ട് നാലു മണിയോടെയായിരുന്നു അപകടം. വീരാജ്പേട്ടയിൽനിന്നും വൈക്കോൽ കയറ്റിവരുകയായിരുന്ന ലോറി ചുള്ളിയോട് റോഡിലെ താണുകിടന്ന വൈദ്യുതി കമ്പിയിൽ തട്ടി വൈക്കോലിന് തീപിടിക്കുകയായിരുന്നു. ഇരുഭാഗത്തും വീടുകൾ നിറഞ്ഞ ഇടുങ്ങിയ റോഡിൽവെച്ച് വൈക്കോലിന് തീപിടിച്ച് തീ ആളിപ്പടർന്നതോടെ സോജൻ ലോറി നൂറു മീറ്ററോളം മുന്നോട്ടെടുത്ത് വീടൊഴിഞ്ഞ സ്ഥലത്തു നിർത്തുകയായിരുന്നു. അഗ്നിശമനസേനയുടെ ഇരിട്ടിയിൽ നിന്ന് രണ്ടും പേരാവൂരിൽനിന്ന് ഒരു യൂനിറ്റും ഉളിക്കൽ പൊലീസും സ്ഥലത്തെത്തി ഒരു മണിക്കൂറോളം നേരത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഓടിക്കൂടിയ പ്രദേശവാസികളും തീയണക്കുന്നതിനു ഏറെ സഹായിച്ചു. ലോറിയുടെ കാബിനടക്കം കത്തിനശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.