വിഷരഹിത പച്ചക്കറിയിൽ വിജയഗാഥയുമായി

കേളകം: വിഷരഹിത പച്ചക്കറി കൃഷിയിൽ വിജയഗാഥയുമായി കൊട്ടിയൂരിലെ രണ്ട് കർഷകർ. കൃഷിയിൽ അത്യാധുനിക കൃഷിരീതികൾ അവലംബിക്കുകയാണ് അമ്പായത്തോട് സ്വദേശികളായ കുമ്പളക്കുഴി ജോണിയും ആലനാൽ ഷാജിയും. കഴിഞ്ഞ പതിനഞ്ചു വർഷത്തോളമായി പരമ്പരാഗത പച്ചക്കറി കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന ഇവർ കൃഷിയിൽ പുത്തൻരീതികൾ പരീക്ഷിക്കുകയാണ്. വിഷരഹിത പച്ചക്കറി ഉൽപാദിപ്പിക്കണമെന്ന് കൃഷി വകുപ്പ് ആവർത്തിക്കുമ്പോഴും ഉൽപാദനക്കുറവും രോഗബാധയും ഉയർന്ന കൂലിയും മൂലം കർഷകർ ജൈവകൃഷിയെ ഉപേക്ഷിക്കുകയാണ്. ഇവരിൽ നിന്നും വ്യത്യസ്തമാവുകയാണ് ജോണിയും ഷാജിയും. ഓപൺ പ്രിസിഷൻ ഫാമിങ് പദ്ധതി പ്രകാരം പുതു കൃഷിരീതിയാണ് ഇത്തവണ ഇവർ പരീക്ഷിച്ചിരിക്കുന്നത്. പേരാവൂർ ബ്ലോക്കിൽ ആദ്യമായാണ് ഈ കൃഷിരീതി പരീക്ഷിക്കുന്നത്. മൾച്ചിങ് പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കളകൾ നിയന്ത്രിച്ച്, ഡ്രിപ് ഇറിഗേഷൻ സംവിധാനമുപയോഗിച്ച് വെള്ളവും വളവും തുല്യ അളവിൽ ഒാരോ ചെടികൾക്കും എത്തിക്കുന്ന രീതിയിലാണ് കൃഷി. ഇതി​െൻറ ഏറ്റവും വലിയ ഗുണം തൊഴിലാളികൾ കുറവ് മതി എന്നതും വളപ്രയോഗം, ജലസേചനം, മരുന്നു പ്രയോഗം എന്നിവ കൃത്യമായി സമയത്ത് നടക്കും എന്നതുമാണ്. പയർ, വെണ്ട, തക്കാളി, പച്ചമുളക്, കാബേജ് എന്നിവയാണ് കൃഷി ചെയ്തിട്ടുള്ളത്. സ്വയം നിർമിച്ച ജൈവകഷായ വളക്കൂട്ടും ജൈവരീതിയിൽ തന്നെയുള്ള മരുന്നുകളുമാണ് ഇവർ ഉപയോഗിക്കുന്നത്. പച്ചക്കറികൾക്കുണ്ടാകുന്ന രോഗങ്ങൾ മനസ്സിലാക്കാൻ കഴിയാത്തതും ഏത് മരുന്ന് ഉപയോഗിക്കണമെന്ന് അറിയാത്തതുമാണ് ജൈവ കർഷകർക്ക് വിനയായി മാറുന്നതെന്നാണ് ഇവരുടെ പക്ഷം. കൊട്ടിയൂർ കൃഷി ഓഫിസർ പി.എൻ. ശ്രീനിവാസ​െൻറയും മറ്റ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും നിർദേശങ്ങൾ പാലിച്ചാണ് കൃഷി. അടുത്തിടെ കൃഷി വകുപ്പി​െൻറ നിർദേശ പ്രകാരം തയാറാക്കിയ ഗുണാപജലം എന്ന ഹരിത കഷായവും ഇവർ കൃഷിയിൽ പരീക്ഷിക്കുന്നുണ്ട്. ജൈവ പച്ചക്കറി പ്രോത്സാഹിപ്പിക്കുന്നതിനായി പഞ്ചായത്തുകളുടെ സഹകരണത്തോടെ 25 പച്ചക്കറി തൈകളും അതിന് വേണ്ട ജൈവവളങ്ങളും കീടനാശിനിയുമടങ്ങിയ കിറ്റ് കർഷകർക്ക് വിതരണം ചെയ്യുന്ന പദ്ധതി ഇവരുടെ ആലോചനയിലുണ്ട്. വരും വർഷങ്ങളിലും നൂതന കൃഷിരീതികൾ പരീക്ഷിക്കാനൊരുങ്ങുകയാണിവർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.