അണ്ണാ ഹസാരെ വീണ്ടും നിരാഹാര സമരത്തിലേക്ക്

* മാർച്ച് 23 മുതൽ ന്യൂഡൽഹിയിൽ അനിശ്ചിതകാല സമരം ബംഗളൂരു: ഗാന്ധിയനും അഴിമതിവിരുദ്ധ പോരാളിയുമായ അണ്ണാ ഹസാരെ വീണ്ടും നിരാഹാര സമരത്തിനൊരുങ്ങുന്നു. ലോക്പാൽ ബിൽ പാസാക്കുന്നതിനുവേണ്ടി മാർച്ച് 23 മുതൽ ന്യൂഡൽഹിയിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് ഹസാരെ. കർഷകരുടെ ഉന്നമനത്തിന് സമ്പൂർണ ജനക്ഷേമ പദ്ധതി നടപ്പാക്കണമെന്നും തെരഞ്ഞെടുപ്പ് സംവിധാനം പരിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബെളഗാവിയിലെ അരളികട്ടി ഗ്രാമത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരാഹാരം നടത്താൻ അനുമതി നൽകാതിരിക്കുകയോ, അറസറ്റ് ചെയ്യുകയോ ചെയ്താൽ ജയിലിൽ നിരാഹരം തുടരും. കേന്ദ്ര സർക്കാർ വലിയ വാഗ്ദാനങ്ങളാണ് പ്രഖ്യാപിക്കുന്നത്. അഴിമതിക്കെതിരെ പോരാടുന്നതുമായി ബന്ധപ്പെട്ട് പത്രങ്ങളിലും ചാനലുകളിലും പരസ്യങ്ങൾ നൽകുന്നു. എന്നാൽ, അഴിമതി ഇല്ലാതാക്കാൻ സഹായിക്കുന്ന ലോക്പാൽ സംവിധാനം നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്പാൽ ബിൽ പാസാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടും. എൻ.ഡി.എ സർക്കാർ അധികാരത്തിലെത്തിയതു മുതൽ മോദിയോട് ഇത് ആവശ്യപ്പെടുന്നുണ്ട്. മാർച്ച് 23ന് മുമ്പായി നടപടി സ്വീകരിച്ചില്ലെങ്കിൽ നിരാഹാര സമരം ആരംഭിക്കും. രാജ്യത്ത് 12 ലക്ഷം കർഷകർ ജീവനൊടുക്കിയിട്ടുണ്ട്. കർഷകർക്കുവേണ്ടി ഒരു സർക്കാറും ഒന്നും ചെയ്യുന്നില്ല. കോർപറേറ്റുകളുടെ കോടികളുടെ വായ്പകൾ കേന്ദ്ര സർക്കാർ എഴുതിത്തള്ളുന്നു, എന്തുകൊണ്ട് കർഷിക വായ്പകൾ എഴുതിത്തള്ളുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഹെഗ്ഡെയെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സിപ്പിക്കണം ബംഗളൂരു: ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്ന വിവാദ പ്രസ്താവന നടത്തിയ കേന്ദ്ര നൈപുണ്യ വികസന മന്ത്രി അനന്ത്കുമാർ ഹെഗ്ഡെയെ രൂക്ഷമായി വിമർശിച്ച് അണ്ണാ ഹസാരെ. ഹെഗ്ഡെയുടെ ഇഷ്ടങ്ങൾക്ക് അദ്ദേഹത്തെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സിപ്പിക്കുകയാണ് വേണ്ടതെന്ന് ഹസാരെ പറഞ്ഞു. ജനങ്ങളുടെ അഭിലാഷമാണ് ഭരണഘടനയിൽ പ്രതിഫലിക്കുന്നത്. ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.