തലശ്ശേരി പൊലീസ് കസ്​റ്റഡിയിൽ സൂക്ഷിച്ച ബൈക്ക്​ കാണാതായി

തലശ്ശേരി: കേസിലെ തൊണ്ടിമുതലെന്നനിലയിൽ കോടതി സൂക്ഷിക്കാൻ ഏൽപിച്ച ബൈക്ക് തലശ്ശേരി പൊലീസ് കസ്റ്റഡിയിൽനിന്ന് നഷ്ടപ്പെട്ടു. പാലയാട് അണ്ടല്ലൂരിലെ രഹന നിവാസിൽ കെ. രമിത്തി​െൻറ കെ.എൽ 58- എൽ 4602 പൾസർ ബൈക്കാണ് ദുരൂഹസാഹചര്യത്തിൽ നഷ്ടപ്പെട്ടത്. - പ്രവാസിയായ യുവാവ് കേസ് നടപടികൾ കഴിഞ്ഞതിനെ തുടർന്ന് വാഹനം ആവശ്യപ്പെട്ട് കോടതി ഉത്തരവുമായി തലശ്ശേരി പൊലീസിനെ സമീപിച്ചപ്പോഴാണ് ബൈക്ക് നഷ്ടപ്പെട്ടതറിയുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന ചലച്ചിത്ര അവാർഡ് നിശക്ക് സൗകര്യമൊരുക്കാനായി പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന എല്ലാ വാഹനങ്ങളും ചക്കരക്കല്ല് ബംഗ്ലാവ് മെട്ടയിലേക്ക് മാറ്റിയിരുന്നു. ഇതറിഞ്ഞതോടെ പൊലീസ് നിർദേശപ്രകാരം പരാതിക്കാരനായ യുവാവും കൂട്ടുകാരും ചേർന്ന് ചക്കരക്കല്ല് ബംഗ്ലാവ് മെട്ടയിലെത്തി വാഹനങ്ങൾ സൂക്ഷിക്കുന്ന വളപ്പിൽ മൂന്നു ദിവസം തിരഞ്ഞെങ്കിലും രമിത്തിന് സ്വന്തം ബൈക്ക് കണ്ടെത്താനായില്ല. തിരിച്ചുവന്ന് വിവരം പറഞ്ഞപ്പോൾ കൈമലർത്തിയ തലശ്ശേരി പൊലീസ് താങ്കളുടെ ബൈക്ക് വാഹനബാഹുല്യം കാരണം കണ്ടെത്താൻ സാധിച്ചില്ലെന്നും ശ്രമം തുടരുകയാെണന്നുമാണ് രമിത്തിനോട് പറഞ്ഞത്. ഇക്കാര്യം തലശ്ശേരി ഡിവൈ.എസ്.പിയുടെ ശ്രദ്ധയിൽ എത്തിച്ചപ്പോൾ കേസെടുത്ത് അന്വേഷിക്കാമെന്നാണ് പറഞ്ഞതെങ്കിലും തുടർനടപടിയുണ്ടായില്ലെന്ന് രമിത്ത് പറഞ്ഞു. തലശ്ശേരി ലിബർട്ടി പാരഡൈസ് കോമ്പൗണ്ടിൽനിന്നാണ് രമിത്തി​െൻറ പൾസർ ബൈക്ക് കളവുപോയത്. സെക്കൻഡ് ഷോ സിനിമ കണ്ടിറങ്ങിയപ്പോൾ കാണാതായ ബൈക്ക് മാസങ്ങൾക്ക് ശേഷം മട്ടന്നൂർ പൊലീസാണ് വാഹന മോഷ്ടാക്കളിൽനിന്ന് പിടികൂടിയിരുന്നത്. വ്യാജ രജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്തി ഓടിയ വാഹനം നിയമനടപടികൾക്കായി തലശ്ശേരി കോടതിയിലേക്ക് മാറ്റിയതായിരുന്നു. -കോടതിവഴി പൊലീസിലെത്തിയ ബൈക്ക് വെയിലും മഴയുമേറ്റ് നശിക്കാതിരിക്കാൻ താർപോളിൻ ഷീറ്റ് കൊണ്ട് പൊതിഞ്ഞുകെട്ടിയിരുന്നതായും രമിത്ത് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.