'ആരോഗ്യജാഗ്രത' തുടങ്ങി

കണ്ണൂർ: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെ പൗരബോധം ഉണരണമെന്ന് തുറമുഖ-മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. പനിക്കും പകർച്ചവ്യാധിക്കുമെതിരെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നടപ്പാക്കുന്ന 'ആരോഗ്യജാഗ്രത' പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പ്ലാസ്റ്റിക് നിർമാർജനം ജീവിതവ്രതമായി സ്വീകരിക്കണം. ജീവിതസൗകര്യം മെച്ചപ്പെടുമ്പോൾ മാലിന്യക്കൂമ്പാരവും വർധിക്കുകയാണ്. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾ മുഖം മൂടിക്കെട്ടി സഞ്ചരിക്കേണ്ട അവസ്ഥയാണ്. ദൈവത്തി​െൻറ സ്വന്തം നാടെന്ന കീർത്തി വീണ്ടെടുക്കണം. പ്രകൃതിയെ സ്നേഹിക്കുക മാത്രമാണ് ഇതിന് പരിഹാരമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് വിരമിച്ച റെയിൽവേ ജീവനക്കാർ നൽകുന്ന വിഹിതം മന്ത്രിക്ക് ചടങ്ങിൽ കൈമാറി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ 10 വർഷമായി പകർച്ചവ്യാധി പടരുന്നത് ഒരേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ ഈ വർഷവും പകർച്ചവ്യാധി പടരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ ശുചീകരണ പ്രവർത്തനങ്ങൾ അങ്ങേയറ്റം ദുർബലമാണ്. മഴക്കാലപൂർവ ശുചീകരണം വേണ്ടത്ര ഫലപ്രദമല്ലാത്തതിനാൽ നേരത്തെതന്നെ ശുചീകരണം തുടങ്ങണം. വാർഡ് അടിസ്ഥാനത്തിൽ ആശാവർക്കർമാർ ചെയ്യുന്ന പ്രവർത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തണമെന്നും പ്രസിഡൻറ് ആവശ്യപ്പെട്ടു. കണ്ണൂർ കോർപറേഷൻ മേയർ ഇ.പി. ലത മുഖ്യാതിഥിയായി. ജില്ല കലക്ടർ മിർ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് ആരോഗ്യ--വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.പി. ജയബാലൻ, കണ്ണൂർ കോർപറേഷൻ ആരോഗ്യ--വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ അഡ്വ. ഇന്ദിര േപ്രമാനന്ദ്, ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക്, എൻ.എച്ച്.എം ജില്ല േപ്രാഗ്രാം മാനേജർ ഡോ. കെ.വി. ലതീഷ്, ജില്ല മെഡിക്കൽ ഓഫിസർ (ഐ.എസ്.എം) ഡോ. എസ്. അബ്ദുൽ ഫത്താഫ്, ജില്ല സർവയലൻസ് ഓഫിസർ ഡോ. എം.കെ. ഷാജ് എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി രാവിലെ സിവിൽ സ്റ്റേഷൻ പരിസരം ജീവനക്കാർ ശുചീകരിച്ചു. ആരോഗ്യജാഗ്രത പദ്ധതി കണ്ണൂർ: മഴക്കാലരോഗങ്ങൾ നിതാന്തജാഗ്രതയിലൂടെയും പ്രതിരോധ പ്രവർത്തനത്തിലൂടെയും ഇല്ലാതാക്കുന്നതിനാണ് 'ആരോഗ്യജാഗ്രത' പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഓരോ വാർഡിലെയും 30 വീടുകൾ തെരഞ്ഞെടുത്ത് ആരോഗ്യസേന രൂപവത്കരിക്കുമെന്നും മന്ത്രി അറിയിച്ചു. ഗൃഹസന്ദർശനം നടത്തി 'ആരോഗ്യജാഗ്രത' പദ്ധതിയുടെ സന്ദേശം ഓരോ വീടുകളിലുമെത്തിക്കും. മഴക്കാലമെത്തും മുമ്പേതന്നെ ശുചീകരണ പ്രവർത്തനം നടത്താൻ എല്ലാവരും ഒരുമിച്ചിറങ്ങണമെന്നും മന്ത്രി പറഞ്ഞു. ഡെങ്കി ബാധിച്ച് മരിച്ചത് 14 പേർ കണ്ണൂർ: ജില്ലയിൽ കഴിഞ്ഞ വർഷം ഡെങ്കി ബാധിച്ച് 14 പേരാണ് മരിച്ചത്. 2600 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തു. 84 പേർക്ക് എലിപ്പനി ബാധിച്ചു. രണ്ടുപേർ മരിച്ചു. ഒരു ഡിഫ്തീരിയ മരണവും റിപ്പോർട്ട് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.