മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ

കണ്ണൂർ: ജില്ലയിൽ മയക്കുമരുന്ന് വിപണനം നടത്തുന്ന സംഘത്തിലെ കണ്ണികൾ പിടിയിൽ. പുഴാതി കുഞ്ഞിപ്പള്ളിയിലെ ചെറുവത്ത് വീട്ടിൽ യാസിർ അറഫാത്ത് (23), തായത്തെരുവിലെ സെയ്താകത്ത് വീട്ടിൽ ചിള്ളി ജബ്ബാർ എന്ന അബ്ദുൽ ജബ്ബാർ (30), ചിറക്കലിലെ സിയാൽ ഹൗസിൽ വാവ എന്ന മുഹമ്മദ് (23) എന്നിവരെയാണ് ജോ. എക്സൈസ് കമീഷണറുടെ സ്ക്വാഡ് ഇൻസ്പെക്ടർ എം. ദിലീപും സംഘവും പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ണൂർ സിറ്റിയിൽനിന്നാണ് സംഘം പിടിയിലായത്. ഇവരിൽനിന്നും ആറ് ഗ്രാം ഹെറോയിനും നിരവധി സിറിഞ്ചുകളും വാഹനവും കണ്ടെടുത്തു. ഹെറോയിന് ലക്ഷം രൂപ വിലവരും. പ്രതികളെ വടകര നാർക്കോട്ടിക് കോടതിയിൽ ഹാജരാക്കി. ഇവർ വർഷങ്ങളായി ലഹരി ഉപയോഗിക്കുന്നവരും മയക്കുമരുന്ന് വിൽപന നടത്തുന്ന കണ്ണിയിൽപെട്ടവരാണെന്നും സ്ഥിരം കുറ്റവാളികളുമാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. അറഫാത്ത് നേരിട്ട് മുംബൈയിൽ നിന്നും ഹെറോയിൻ കടത്തിക്കൊണ്ടുവന്ന് വിതരണം നടത്തുന്നയാളാണ്. ഇയാൾ മുമ്പും ഹെറോയിൻ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്്. നാലോളം കേസുകളിൽ പ്രതിയാണ്. ജബ്ബാർ കണ്ണൂർ സിറ്റി, തയ്യിൽ, ആയിക്കര കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിറ്റഴിക്കുന്നയാളാണ്. ജില്ലയിലെ ലഹരിമരുന്ന് ഉപഭോക്താക്കളെ ലക്ഷ്യംവെച്ച് തലശ്ശേരി കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് മൊത്തവിതരണക്കാരിൽ നിന്നാണ് ഇയാൾ കണ്ണൂരിലേക്ക് ഹെറോയിൻ എത്തിച്ച് വിൽപന നടത്തുന്നതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. പ്രിവൻറിവ് ഓഫിസർ വി.കെ. വിനോദ്, സിവിൽ എക്സൈസ് ഒാഫിസർമാരായ എം.വി. അഷറഫ്, വി.പി. ശ്രീകുമാർ, സി.എച്ച്. റിഷാദ്, റജിൽരാജ്, എക്സൈസ് ഡ്രൈവർ ബിനീഷ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.