പാനൂർ: മനുഷ്യത്വത്തിൽ അടിയുറച്ച ആശയങ്ങൾ പ്രചരിപ്പിക്കാനും പ്രാവർത്തികമാക്കാനും സാഹിത്യത്തെ മാധ്യമമാക്കിയ മനുഷ്യസ്നേഹിയായിരുന്നു കെ. പാനൂർ. സമൂഹത്തിലെ അവശവിഭാഗങ്ങളായ ആദിവാസികളെ കെ. പാനൂർ അടുത്തറിഞ്ഞത് വയനാട്ടിൽ റവന്യൂവകുപ്പിൽ ഔദ്യോഗികജീവിതം ആരംഭിച്ചതോടെയാണ്. ആദിവാസികളുടെ ജീവിതം അടുത്തറിയാൻ അവരുടെ ഇടയിൽ ജീവിച്ച് പൊള്ളുന്ന അനുഭവങ്ങളാണ് പാനൂരിെൻറ തൂലികക്ക് മഷിയായത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളായിരുന്നു അക്കാലത്ത് ആദിവാസികൾക്ക് നേരെ നടന്നത്. ഔദ്യോഗികതലത്തിൽ തെൻറ പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് ആദിവാസികൾക്ക് വേണ്ടി ആവുംവിധം പരിശ്രമിച്ചു അദ്ദേഹം. നക്സൽ ബാരി വിപ്ലവത്തിനപ്പുറത്ത് അവരുടെ ജീവിതത്തെക്കുറിച്ച് പഠിക്കാനായാണ് പാനൂർ കൊൽക്കത്തയിലെത്തിയത്. അവിടത്തെ സാന്താൾ വിഭാഗത്തിെൻറ ജീവിതം അടുത്തറിഞ്ഞ് എഴുതിയ കൃതിയാണ് ഹാ നക്സൽ ബാരി. ഈ കൃതി ഒരു യാത്രാവിവരണത്തിന് പുറമെ ആദിവാസികളെ കേന്ദ്രീകരിച്ചുള്ള ശക്തമായ പഠനമാണ്. ആദിവാസികളോടുള്ള അദ്ദേഹത്തിെൻറ അടുപ്പത്തിെൻറ ആഴം കുടുംബാംഗങ്ങൾ വ്യക്തമായി ഓർക്കുന്നു. സർവിസിൽ ഇരിക്കുമ്പോൾ പാനൂരിലെ വീട്ടിലേക്ക് കാർഷിക വിഭവങ്ങളുമായി നിരവധിപേർ എത്താറുണ്ടായിരുന്നു. ആദിവാസി യുവാവിനെ തലശ്ശേരിയിൽ സ്വന്തമായി പഠിപ്പിച്ച് ഉന്നതസ്ഥാനത്ത് എത്തിച്ചതും അടുപ്പമുള്ളവർ ഓർക്കുന്നു. പാനൂരിെൻറ സാംസ്കാരിക നവോത്ഥാനത്തിൽ തായാട്ട് ശങ്കരൻ, കെ. തായാട്ട്, ഐ.വി. ദാസ് എന്നിവർക്കൊപ്പം കെ. പാനൂരും ധൈഷണികമായ പങ്ക് വഹിച്ചിരുന്നു. പാനൂരിലെ കെ ത്രയങ്ങൾ എന്നറിയപ്പെട്ടിരുന്നു കെ. തായാട്ട്, കെ. പാനൂർ, കെ. പൊന്ന്യം എന്നിവർ. തികഞ്ഞ ജനാധിപത്യവാദിയും അഭിപ്രായങ്ങൾ ഏത് വേദിയിലും ആരെയും വെറുപ്പിക്കാതെ തുറന്നുപറയുന്ന പ്രകൃതമായിരുന്നു പാനൂരിേൻറത്. ആദ്യകാലത്ത് കവിതകളും എഴുതിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.