കുറ്റവാളികളെ സംരക്ഷിക്കുന്ന പൊലീസ് നടപടി അതീവ ഗുരുതരം -ടി. സിദ്ദീഖ് മട്ടന്നൂര്‍: ഷുഹൈബ് വധക്കേസ് പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് കെ.എസ്.യു മട്ടന്നൂർ പൊലീസ് സ്റ്റേഷനു മുന്നിൽ നടത്തിയ ഉപവാസത്തിൽ പ്രതിഷേധമിരമ്പി. കെ.എസ്.യു ജില്ല പ്രസിഡൻറ് മുഹമ്മദ് ഷമ്മാസ് നേതൃത്വം നല്‍കിയ ഉപവാസ സമരത്തിൽ നൂറുകണക്കിന് പ്രവർത്തകർ പെങ്കടുത്തു. കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ഷുഹൈബ് വധം സി.പി.എമ്മിെൻറ ആണിക്കല്ല് ഇളക്കുമെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന പൊലീസ് നടപടി അതീവ ഗുരുതരമാണെന്നും ടി. സിദ്ദീഖ് പറഞ്ഞു. നീതി നടപ്പാക്കാന്‍ ബാധ്യതയുള്ള പൊലീസ്, പിണറായി വിജയെൻറ ഭരണത്തില്‍ നീതി നിഷേധിക്കുകയാണ്. പൊതുജനത്തിന് സംരക്ഷണം നല്‍കാന്‍ കഴിയാത്ത സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്നും സിദ്ദീഖ് തുടർന്നു. കൃത്യവിലോപം നടത്തി കൊലയാളികളെ സംരക്ഷിക്കാന്‍ പൊലീസ് പദവിയും സ്ഥാനവും ദുരുപയോഗം ചെയ്താല്‍ കൈയുംകെട്ടി നോക്കിനില്‍ക്കുമെന്ന് കരുതരുതെന്ന് മുന്‍മന്ത്രി കെ. സുധാകരന്‍ അഭിപ്രായപ്പെട്ടു. ഗാന്ധിയന്‍ സമരമുറയിലൂടെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഗാന്ധിയന്‍ പ്രത്യയ ശാസ്ത്രമായിരിക്കില്ല വളരുന്ന തലമുറ കൈകാര്യം ചെയ്യുകയെന്ന് തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ കൊലനടക്കുമ്പോള്‍ മാപ്പിളപ്പാട്ടിെൻറ പേരില്‍ വോട്ട് നേടാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇത് പൊതുസമൂഹം തിരിച്ചറിയണമെന്നും കെ.എം. ഷാജി എം.എല്‍.എ പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, ആര്‍.എം.പി നേതാവ് കെ.കെ. രമ, ചന്ദ്രന്‍ തില്ലങ്കേരി, റിജില്‍ മാക്കുറ്റി, സുധീപ് ജയിംസ്, വി.എ. നാരായണന്‍, ജോഷി കണ്ടത്തില്‍, ആദര്‍ശ് മാങ്ങാട്ടിടം, ഹരികൃഷ്ണന്‍ പാളാട്, സി.പി. അഭിജിത്ത് എന്നിവർ സംസാരിച്ചു. ഉപവാസത്തിന് അനുഭാവം പ്രകടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.